
മൂന്നാര്‍: ഈ മഴക്കാലത്തിന് മുമ്പെയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കാതെ വന്നതോടെ വട്ടവട മേഖലയില്‍ യാത്ര ക്ലേശം അതിരൂക്ഷം. പഞ്ചായത്തിലൂടെ കടന്നു പോകുന്ന വിവിധ റോഡുകള്‍ നിര്‍മ്മാണം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായെന്നാണ് പരാതി. നിര്‍മ്മാണം സംബന്ധിച്ച് ഇടക്കിടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മുന്നോട്ട് പോക്കുണ്ടാവാറില്ലെന്നും ആക്ഷേപം ഉയരുന്നു. പഴത്തോട്ടം, ചിലന്തിയാര്‍, സ്വാമിയാറളക്കുടി, കൂടലാര്‍ കുടി, വല്‍സപ്പെട്ടികുടി തുടങ്ങി പഞ്ചായത്തിലെ ഒട്ടു മിക്ക ഇടങ്ങളിലേക്കുള്ള റോഡുകളും നിര്‍മ്മാണം കാത്ത് കിടക്കുന്നു.മഴ പെയ്തതോടെ കോവിലൂര്‍ ടൗണിലടക്കം വലിയ തോതില്‍ ചെളി രൂപം കൊണ്ടിട്ടുള്ള സ്ഥിതിയാണ്.
റോഡുകള്‍ തകര്‍ന്നതോടെ ആശുപത്രിയിലേക്കും സ്‌കൂളിലേക്കും മറ്റിതര ആവശ്യങ്ങള്‍ക്കുമൊക്കെയുള്ള ഗ്രാമവാസികളുടെ യാത്ര ദുഷ്‌ക്കരമായി കഴിഞ്ഞു. കുലുങ്ങി പറഞ്ഞുള്ള യാത്ര രോഗികള്‍ക്കും പ്രായമായവര്‍ക്കുമൊക്കെ വല്ലാത്ത ദുരിതം സമ്മാനിക്കുന്നുണ്ട്. പല റോഡുകളിലൂടെയും ഏറെ സാഹസപ്പെട്ടാണ് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നു പോകുന്നത്. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ വട്ടവടയുടെ കാര്‍ഷിക മേഖലക്കും വിനോദ സഞ്ചാര മേഖലക്കും വലിയ തിരിച്ചടി സമ്മാനിക്കുന്നുണ്ട്.
തകര്‍ന്ന റോഡിലൂടെ ഒരിക്കലെത്തിയ വിനോദ സഞ്ചാരികള്‍ വീണ്ടും വട്ടവടയിലേക്കെത്താന്‍ മടിക്കുന്നു. കുണ്ടും കുഴിയും താണ്ടിയുള്ള യാത്ര തങ്ങള്‍ മടുത്തെന്നും ദുരിതം കണ്ടറിഞ്ഞ് ഇനിയെങ്കിലും വട്ടവടയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നും പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യമുന്നയിക്കുന്നു.