KeralaLatest NewsLocal news
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം :മന്ത്രി വീണ ജോര്‍ജ് രാജിവെക്കണം; മുസ്ലിം യൂത്ത് ലീഗ് അടിമാലിയില്‍ റോഡ് ഉപരോധിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു മുസ്ലിം യൂത്ത് ലീഗ് അടിമാലിയിലും റോഡ് ഉപരോധം സംഘടിപ്പിച്ചത്. പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ ടൗണില്‍ ദേശിയപാതയില്‍ കുത്തിയിരുന്നു. പ്രതിഷേധവും റോഡ് ഉപരോധവും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് അനസ് കോയന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍ ആനച്ചാല്‍ മുഖ്യപ്രഭാഷണം നടത്തി. കെ എ യൂനുസ്, ഹനീഫ അറക്കല്‍, ടി എം സിദ്ദീഖ്, അജി മുഹമ്മദ്, അനസ് ഇബ്രാഹിം, ജെബിഎം അന്‍സാര്‍, അന്ത്രു അടിമാലി, എം എം നവാസ്, ഷെഫീഖ് പനക്കല്‍, അനൂപ് പാലക്കാടാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.