
മൂന്നാർ : മഴക്കാലം എത്തിയിട്ടും കാട്ടുകൊമ്പൻ പടയപ്പ ജനവാസ മേഖലയിൽ നിന്നും വനത്തിലേക്ക് പിൻവാങ്ങാത്തതാണ് പ്രതിസന്ധി ആയിട്ടുള്ളത്. വനത്തിൽ തീറ്റയുടെ ലഭ്യത വർധിച്ചിട്ടും പടയപ്പ ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റ്, ഗൂഡാർവിള മേഖലകളിലാണ് കാട്ടുകൊമ്പനിപ്പോൾ തമ്പടിച്ചിട്ടുള്ളത്. ഒരാഴ്ച്ചയിലധികമായി കാട്ടാന ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്നതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം. ആന പ്രദേശത്ത് കൃഷിനാശവും വരുത്തിയിട്ടുണ്ട്. ആന പ്രദേശത്ത് തന്നെ തുടർന്നാൽ കൂടുതൽ കൃഷിനാശവും മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് മറയൂർ മേഖലയിലായിരുന്ന പടയപ്പ അടുത്തയിടെയാണ് വീണ്ടും മൂന്നാർ മേഖലയിലേക്ക് തിരികെയെത്തിയത്. ഇതിന് ശേഷം പടയപ്പ ഒരു ഓട്ടോറിക്ഷക്ക് നേരെ ആക്രമണം നടത്തിയിരുന്നു. മാട്ടുപ്പെട്ടി ടൗണിലെത്തിയ പടയപ്പയെ ആളുകൾ തുരത്തിയോടിക്കുകയും ചെയ്തിരുന്നു. മുൻകാലങ്ങളിൽ മഴ പെയ്യുന്നതോടെ പടയപ്പ വനത്തിലേക്ക് പിൻവാങ്ങുമായിരുന്നു.
പിന്നീട് വേനൽ കനക്കുമ്പോൾ മാത്രമെ ആന കാടിറങ്ങിയിരുന്നൊള്ളു. ഇപ്പോൾ ആനയുടെ ഈ പ്രവണതക്ക് മാറ്റം വന്നു കഴിഞ്ഞു. മുൻകാലങ്ങളിൽ പടയപ്പ ആക്രമണ സ്വഭാവം പുറത്തെടുത്തിരുന്നില്ല. ആനയുടെ ഈ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. ജനവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടുകൊമ്പനെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്.