സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതൽ നടപടി, 10 സെന്റിൽ താഴെയുളളവര്‍ക്ക് ഇളവ്, പരുന്തുംപാറയിൽ കടുപ്പിച്ച് കളക്ടര്‍

തൊടുപുഴ : ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ സെപ്റ്റംബർ മുതൽ നടപടി ആരംഭിക്കുമെന്ന് ജില്ല കളക്ടർ വി വിഘ്നേശ്വരി. പത്ത് സെൻറിൽ താഴെ ഭൂമി കൈവശം വച്ച പാവപ്പെട്ടവര്‍ക്ക് അവരുടെ കയ്യിലുളള സ്ഥലമോ പകരം ഭൂമിയോ അനുവദിക്കും. ഭൂമി കൈവശം വച്ചിരിക്കുന്നവർ ഹാജരാക്കിയ രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്.
പരുന്തുംപാറയില സർക്കാർ ഭൂമിയിൽ കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ മഞ്ചുമല വില്ലേജിലുൾപ്പെട്ട 441 പീരുമേട് വില്ലേജിലെ 534 എന്നീ സർവേ നമ്പരുകളിലുള്ള ഭൂമിയുടെ രേഖകളാണ് പരിശോധിക്കുന്നത്. 2100 തണ്ടപ്പേരുകളിലാണ് ഭൂമി കൈവശം വച്ചിരിക്കുന്നത്. ഇതിൽ 645 എണ്ണം. പത്ത് സെൻറിൽ താഴെയുള്ളതാണ്. ഇവർക്ക് മറ്റൊരിടത്തും ഭൂമി ഇല്ലെങ്കിൽ കൈവശമുള്ളത് പട്ടയം അനുവദിക്കാൻ പറ്റുന്നതാണങ്കിൽ അവിടെ തന്നെ സ്ഥലം അനുവദിക്കും. അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ഭൂമി നൽകും. 25 ഓളം പേരുടെ കയ്യിൽ അഞ്ചേക്കറിൽ കൂടുതൽ ഭൂമിക്ക് പട്ടയമുണ്ട്. സാധാരണ ഗതിയിൽ നാലേക്കറിൽ കൂടുതൽ ഭൂമിക്ക് പട്ടയം നൽകാറില്ല.
നിയമപരമല്ലെങ്കിൽ നടപടി എടുക്കാൻ പീരുമേട് തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു മുന്നോടിയായി ആദ്യഘട്ട നോട്ടീസ് നൽകി. രേഖകൾ പരിശോധിച്ച ശേഷം കെഎൽസി ആക്ട് പ്രകാരം ബാക്കി നോട്ടീസുകൾ നൽകി ഹിയറിംഗ് നടത്തിയ ശേഷം പട്ടയം റദ്ദാക്കുന്നതടക്കമുളള നടപടി സ്വീകരിക്കും. പത്തു സെൻറിനും അഞ്ചേക്കറിനും ഇടയിൽ ഭൂമി കൈവശമുള്ള 1475 ഓളം പേരുടെ കയ്യിലുള്ള രേഖകൾ പരിശോധിച്ച് സർവേ നടത്തും. ഹിയറിംഗ് നടത്തി ഓരോ കേസിലും അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം വരെ സമയമെടുക്കും. എങ്കിലും ആറുമാസം കൊണ്ട് നടപടികൾ പൂർക്കിയാക്കാനാണ് ജില്ല ഭരണകൂടത്തിൻറെ തീരുമാനം