മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ

ഇടുക്കി : സ്വന്തം മകളെ 5 വയസ് മുതൽ 8 വയസുവരെ ഉള്ള കാലയളവിൽ ലൈംഗീകമായി പീഡനം നടത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും 3,00,000/- രൂപ (മൂന്ന് ലക്ഷം) പിഴയും ശിക്ഷ വിധിച്ചു. ബഹുമാനപ്പെട്ട ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി ആണ് പ്രതിയെ ശിക്ഷിച്ചത്.
സ്ഥിരമായി വയറു വേദന അനുഭവപ്പെട്ടിരുന്ന കുട്ടിയെ നിരന്തര ചികിത്സകൾക്ക് ശേഷം, 2020 വര്‍ഷത്തിൽ കുട്ടിയുടെ അമ്മ ഒരു ദിവസം ആശുപത്രിയിൽ പോകാൻ ബസ് കാത്തു നിൽക്കുന്ന സമയത്താണ് കുട്ടി അമ്മയോട് പിതാവ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ടാണോ വയറു വേദന മാറാത്തത് എന്ന് സംശയമായി ചോദിക്കുന്നത്. ശേഷം അമ്മ വിശദമായി കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയും, തുടർന്നുള്ള കൗൺസിലിംഗിലൂടെയുമാണ് പെൺകുട്ടിയെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ പീഡിപ്പിച്ചിരുന്ന വിവരം പുറത്ത് വരുന്നത്.
സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള പിതാവിൽ നിന്ന് തന്നെ ഇത്തരത്തില്‍ മകൾക്ക് എൽക്കേണ്ടി വന്ന ക്രൂരമായ ലൈംഗീക അതിക്രമത്തിനു പരമാവധി ശിക്ഷ നൽകണം എന്ന പ്രൊസീക്യൂഷൻ വാദം ബഹുമാനപ്പെട്ട കോടതി അംഗീകരിക്കുകയായിരുന്നു. പിഴ ഒടുക്കുന്ന പക്ഷം കുട്ടിക്ക് നൽകണമെന്നും, അല്ലാത്തപക്ഷം ആറ് വർഷം അധിക തടവിനും, ബഹുമാനപ്പെട്ട കോടതി വിധിക്കുകയും, കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതൊരിറ്റിയോടു ശുപാർശ ചെയ്യുകയും ചെയ്തു.
സമീപ കാലത്തു ഇത്തരം കേസുകളിൽ രണ്ടാളുകൾക്ക് ഇരട്ട ജീവപര്യന്തം വീതവും, മറ്റൊരാൾക്ക് ഈ കേസ് കൂടാതെ ട്രിപ്പിൾ ജീവപര്യന്തവും ഇതേ ബഹുമാനപ്പെട്ട കോടതിയിൽ നിന്നും ശിക്ഷ ലഭിച്ചിരുന്നു.
2020 വര്‍ഷത്തില്‍ കരിമണ്ണൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ബിജോയ് പി ടി അന്വേഷണം നടത്തിയ കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആശ പി കെ പ്രൊസീക്യൂഷൻ നടപടികളെ സഹായിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി