
മൂന്നാർ : പതിറ്റാണ്ടുകളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന തൊഴിൽ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തുറന്നു പ്രവർത്തിക്കാതെ കാടുകയറി നശിക്കുന്നത്. 2.5 കോടി രൂപ ചെലവിട്ട് മൂന്നാർ ന്യൂ നഗറിൽ രണ്ടു നിലകളിലായി നിർമിച്ച ലേബർ കോംപ്ലക്സ് കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തത്.
ഡെപ്യൂട്ടി ലേബർ ഓഫീസ്, അസിസ്റ്റൻ്റ് ലേബർ ഓഫീസ്, ഇൻസ്പെക്ടർ ഓഫ് പ്ലാൻ്റേഷൻസ് ഓഫീസ് എന്നിവയാണ് പുതിയ കോംപ്ലക്സിൽ പ്രവർത്തിക്കാൻ ലക്ഷ്യമിട്ടിരുന്നത്.എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് നാളുകൾ പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിലേക്ക് ഓഫീസുകൾ മാറ്റിയിട്ടില്ല.
തോട്ടം മേഖലയായ മൂന്നാറിൽ പതിറ്റാണ്ടുകൾക്ക് മുൻപ് പ്രവർത്തനമാരംഭിച്ച തൊഴിൽ വകുപ്പിൻ്റെ വിവിധ ഓഫീസുകൾ പഴയ മൂന്നാർ മൂലക്കടക്ക് സമീപമുള്ള സ്വകാര്യ കമ്പനി കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. കോംപ്ലക്സിന് ചുറ്റും സംരക്ഷണഭിത്തിയില്ലാത്തതും ശുദ്ധജല സൗകര്യമില്ലാത്തതുമാണ് ഓഫീസുകൾ തുറക്കുന്നതിന് തടസമെന്നാണ് ഇക്കാര്യത്തിലുള്ള വകുപ്പിൻ്റെ വിശദീകരണം. കാടുകയറി കിടക്കുന്ന കെട്ടിടം വൈകുന്നേരമായാൽ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്. കൂടാതെ കന്നുകാലികളും തെരുവുനായ്ക്കളും രാത്രി കാലങ്ങളിൽ വിശ്രമിക്കുന്നത് ഈ കെട്ടിടത്തിനുള്ളിലാണ്.