കനത്ത മഴ; അടിമാലി മേഖലയില്‍ വിവിധയിടങ്ങളില്‍ ഗതാഗത തടസ്സം,ദേവിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നു, താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട്

അടിമാലി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദേവികുളം താലൂക്കില്‍ ശക്തമായ മഴ തുടരുകയാണ്. മഴക്കൊപ്പം ശക്തമായ കാറ്റു വീശുന്ന സ്ഥിതിയുമുണ്ട്. കല്ലാര്‍കുട്ടി വെള്ളത്തൂവല്‍ റോഡില്‍ വെള്ളത്തൂവല്‍ യാക്കോബായ പള്ളിക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണ് നീക്കി പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.
മുതുവാന്‍കുടി വെള്ളത്തൂവല്‍ റോഡില്‍ വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം മുളങ്കൂട്ടം റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. ദേശിയപാത 85ല്‍ വാളറക്ക് സമീപം മണ്ണിടിഞ്ഞെങ്കിലും ഗതാഗത തടസ്സമുണ്ടായില്ല. ചീയപ്പാറക്ക് സമീപം മരം കടപുഴകി വീണ് ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴ തുടരുന്നതിനാല്‍ പുഴകളിലും തോടുകളിലും വലിയ തോതില്‍ ജലനിരപ്പുയര്‍ന്നു.
ദേവിയാര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ അടിമാലി ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളും വെള്ളത്തിലായി. വാളറ കെറ്റിഡിസി പടിക്കല്‍ നിന്നും കുളമാന്‍കുഴിക്ക് പോകുന്ന പാതയിലെ ചപ്പാത്തില്‍ വെള്ളം കയറി. ഇരുമ്പുപാലം, പടിക്കപ്പ് മേഖലയില്‍ ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. കനത്ത മഴ തുടര്‍ന്നാല്‍ കല്ലാര്‍ മാങ്കുളം റോഡിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിലാകും.
കുരിശുപാറ ടൗണിന് സമീപവും കല്ലാര്‍വാലിയിലും റോഡില്‍ വെള്ളം കയറി. ജലനിരപ്പുയര്‍ന്നതോടെ കല്ലാര്‍കുട്ടി, പൊന്‍മുടി അണക്കെട്ടുകള്‍ തുറന്നു. മറ്റണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തിപ്പോരുന്നുണ്ട്.