
അടിമാലി: പാംബ്ല അണക്കെട്ടില്‍ നിന്നും കണ്ടെത്തിയ അജ്ഞാത മൃതദേഹം പനംകൂട്ടി സ്വദേശി കാട്ടുവിളയില്‍ ബെഞ്ചമിന്‍ വിന്സന്റിന്റേതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ മാസം 27ന് പനംകുട്ടി ചപ്പാത്തില്‍ നിന്നും പുഴയിലേക്ക് ചാടിയിരുന്നു. പനംകുട്ടി കമ്പിളികണ്ടം റോഡ് ദേശിയപാത 185ല്‍ സംഗമിക്കുന്ന ഭാഗത്തുള്ള പനംകൂട്ടി ചപ്പാത്തില്‍ നിന്നുമാണ് ബെഞ്ചമിന്‍ പുഴയിലേക്ക് എടുത്ത് ചാടിയത്.
കനത്തെ മഴയെ തുടര്‍ന്ന് മുതിരപ്പുഴയാറ്റില്‍ ശക്തമായ വെള്ളമൊഴുക്ക് നിലനില്‍ക്കുന്ന സമയമായിരുന്നു അത്. സംഭവത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ തിരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണിന്ന് പാംബ്ല അണക്കെട്ടില്‍ നിന്നും ഒരജ്ഞാത മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കരക്കെത്തിച്ച് നടത്തിയ തുടര്‍ നടപടികളിലാണ് മൃതദേഹം പനംകൂട്ടി സ്വദേശി കാട്ടുവിളയില്‍ ബെഞ്ചമിന്‍ വിന്സന്റിന്റേതെന്ന് പോലീസ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം തിരിച്ചറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.