
മൂന്നാര്‍: ജലനിരപ്പുയര്‍ന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങിയത്. നിലവില്‍ അണക്കെട്ടിന്റെ രണ്ടാം നമ്പര്‍ ഗേറ്റ് 20 സെന്റീമീറ്റര്‍ ഉയര്‍ത്തി 11 ക്യുമിക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ജലാശയത്തിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.
ഇതോടെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്. മാട്ടുപ്പെട്ടി അണക്കെട്ടില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം മുതിരപ്പുഴയില്‍ ചേരുകയും തുടര്‍ന്ന് കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ വഴി ഒഴുകി പോകുകയുമാണ് ചെയ്യുന്നത്. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ വെള്ളം ഒഴുകി പോകുന്നതിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.