മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു

മൂന്നാര്‍: വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായ മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച്ച പുലര്‍ച്ചയുമായി മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം ദേശിയപാതയിലേക്ക് വലിയ തോതില്‍ കല്ലും മണ്ണും ഇടിഞ്ഞെത്തിയാണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു.
മണ്ണ് മാന്തി യന്ത്രങ്ങള്‍ എത്തിച്ച് ഒരു ഭാഗത്തു നിന്നുമാണ് മണ്ണ് നീക്കി തുടങ്ങിയിട്ടുള്ളത്. ദേശിയപാതയില്‍ നിന്നും താഴേക്കും വലിയ തോതില്‍ മണ്ണ് ഇടിഞ്ഞെത്തിയിട്ടുണ്ട്. വന്‍ തോതില്‍ ഇടിഞ്ഞെത്തിയിട്ടുള്ള മണ്ണ് നീക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും പ്രദേശത്തിപ്പോഴും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്നും ഈ ഭാഗത്ത് നേരിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.
മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മണ്ണ് നീക്കുന്ന ജോലികള്‍ തുടങ്ങുന്നതിന് തടസ്സമായി നിന്നിരുന്നു. അതീവ ജാഗ്രതയോടെയാണ് മണ്ണ് നീക്കുന്ന ജോലികള്‍ നടന്നു വരുന്നത്. മണ്ണ് പൂര്‍ണ്ണമായി നീക്കാന്‍ ഒരാഴ്ച്ചയോളമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 2018ലും മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപം സമാന രീതിയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു.