KeralaLatest NewsLocal newsNational

ഇടുക്കി കാർഡമം ഹിൽ റിസർവിലെ മരംമുറി; സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ

ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹിൽ റിസർവിൽ ഉൾപ്പെട്ട ഭൂമിയിൽ നിന്നും വ്യാപകമായി മരം മുറിച്ച് മാറ്റുന്നുവെന്ന വാർത്തയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണൽ. കേസിൽ സംസ്ഥാന വനംവകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉൾപ്പടെ അഞ്ച് കക്ഷികൾക്ക് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് അയച്ചു. വനംവകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന മരംമുറി വന സംരക്ഷണ നിയമത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും എതിരാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. കേസിന്റെ തുടർനടപടികൾ ഹരിത ട്രിബ്യൂണലിന്റെ സൗത്ത് സോൺ ബെഞ്ചിൽ നടക്കുമെന്നും ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ച് വ്യക്തമാക്കി.

വനം വകുപ്പിന്റെ അനുമതിയില്ലാതെ കാർഡമം ഹിൽ റിസർവിൽപ്പെട്ട 40 ഏക്കർ ഭൂമിയിലെ മരം മുറിക്കുന്നുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തത്. ഈ ഭൂമിയുടെ ഉടമ അടിമാലി സ്വദേശിയായ വ്യക്തിക്ക് ഏല കൃഷി നടത്തുന്നതിന് പാട്ടത്തിന് വസ്തു നൽകിയിരുന്നു. പാട്ടത്തിന് എടുത്ത വ്യക്തിയാണ് വസ്തുവിലെ മരങ്ങൾ മുറിക്കുകയും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിലെ ചെയർപേഴ്സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, വിദഗ്ധ അംഗങ്ങളായ ഡോ. എ. സെന്തിൽ വേൽ, ഡോ. അഫ്രോസ് അഹമ്മദ് എന്നിവർ അടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. കേസിൽ സംസ്ഥാന വനം വകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ലാ കളക്ടർ, സംസ്ഥാന മലിനീകരണ ബോർഡ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ ബോർഡ് തുടങ്ങിയവക്ക് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് അയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!