
മൂന്നാര്‍: മൂന്നാറിലെ സീ പ്ലെയിന്‍ പദ്ധതിക്ക് ഒരു വര്‍ഷമാകാറായിട്ടും അനക്കമില്ല. കഴിഞ്ഞ നവംബര്‍ 11നാണ് മാട്ടുപ്പെട്ടി അണക്കെട്ടില്‍ ജില്ലയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമിറങ്ങിയത്. ഗ്രാമീണ മേഖലകളിലെ വി നോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കരയിലും വെള്ളത്തിലുമിറങ്ങാന്‍ കഴിയുന്നതും പറന്നുയരുന്നതുമായ ചെറുവിമാന സര്‍വീസുകള്‍ നടത്തി വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ജലവിമാന സര്‍വീസ് കൊച്ചിയില്‍ നിന്നു മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കല്‍ നടത്തിയത്.
മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ജല വിമാനത്തിനെ സ്വീകരിച്ച് ഇതില്‍ യാത്ര ചെയ്തിരുന്നു. മാട്ടുപ്പെട്ടിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ എന്ത് പ്രതിസന്ധികളുണ്ടായാലും ഇവ തരണം ചെയ്ത് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പരിക്ഷണ പറക്കല്‍ നടത്തി ഒരു വര്‍ഷമാകാറായിട്ടും പദ്ധതി സംബന്ധിച്ചുള്ള നടപടികളുമായി ഒരടി പോലും മുന്നോട്ടുപോകാന്‍ ടൂറിസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തരുതെന്നാണ് ആവശ്യം.