അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു

അടിമാലി: കാത്തിരിപ്പിനൊടുവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു. താലൂക്കാശുപത്രിയില്‍ ഹൃദയ സംബന്ധമായ ചികിത്സ ആരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഹൈറേഞ്ച് മേഖലയിലെ ആളുകള്‍ക്ക് പ്രതീക്ഷ നല്‍കിയാണിപ്പോള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ കാര്‍ഡിയോളജി ഒ പി വിഭാഗം പ്രവര്‍ത്തന സജ്ജമാകുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം ജൂനിയര്‍ കണ്‍സള്‍റ്റന്റിനെയാണ് ആഴ്ച്ചയില്‍ ഒരു ദിവസം അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി നിയമിച്ചിരിക്കുന്നത്.
എല്ലാ വ്യാഴാഴ്ച്ചയും ഡോക്ടറുടെ സേവനം അടിമാലി താലൂക്കാശുപത്രിയില്‍ ലഭ്യമാകും. കാര്‍ഡിയാക് ചികിത്സയുമായി ബന്ധപ്പെട്ടുള്ള എക്കോ, ടിഎംടി ഉള്‍പ്പെടെയുള്ള വിവിധ മെഷീനറികളും മറ്റും ആശുപത്രിയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഡോക്ടറെ നിയമിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ 14ന് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും 16ന് ആശുപത്രി സൂപ്രണ്ടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തു നല്‍കിയിരുന്നു. ഈ ഇടപെടലാണിപ്പോള്‍ ഫലം കണ്ടിട്ടുള്ളത്.
ഇതോടൊപ്പം ടെക്‌നിഷ്യന്റെ സേവനം കൂടി ആവശ്യമായിട്ടുണ്ട്. ഹൃദയ സംബന്ധമായ ചികിത്സാ ആവശ്യങ്ങള്‍ക്ക് നിലവില്‍ ഹൈറേഞ്ചില്‍ നിന്നുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നതിന് 150 കിലോമീറ്റര്‍ ദൂര ത്തുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തേണ്ട സാഹചര്യമാണുള്ളത്. ആശുപത്രിയുടെ ഭാഗമായി ഐസിയു ആന്‍ഡ് കാത്ത് ലാബ് സിസിയു സൗകര്യങ്ങളൊരുക്കാന്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇവിടേക്ക് വേണ്ടുന്ന ഉപകരണങ്ങളും മറ്റ് സാമഗ്രികളും എത്തിക്കുകയും നിയമനങ്ങള്‍ നടത്തുകയും അനുമതി ലഭ്യമാക്കുകയും ചെയ്താല്‍ കാര്‍ഡിയോളജി വിഭാഗം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ സാധിക്കും