KeralaLatest NewsLocal news

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പഠനത്തോടൊപ്പം വ്യക്തിത്വവികാസവും ഉറപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനവും ഉറപ്പാക്കുകയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2010 ല്‍ പത്ത് സ്‌കൂളുകളിലാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോള്‍ 1044 സ്‌കൂളുകളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുണ്ട്. പൊതുസമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കിടയിലും ശക്തമായി ഇടപെടാന്‍ കഴിയുന്ന സേനാവിഭാഗമായി എസ്.പി.സി. മാറി. വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് എസ്.പിസി. ഒരുക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ചിട്ടയായ പരിശീലനവും സാധ്യമാകുന്നു. പൊലീസ് ആകാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വളരാന്‍ കഴിയുന്നു. നിയമവാഴ്ചയെക്കുറിച്ചുള്ള സമഗ്രമായ അവബോധം പകരുന്നു. എസ്.പി.സി. അംഗങ്ങള്‍ക്ക് മാത്രമല്ല എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായം നല്‍കാന്‍ എസ് പി സിക്ക് കഴിയും. രാസലഹരികള്‍ വലിയ വിപത്താണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ശിക്ഷ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്വയം ബോധവാന്മാരാകുക എന്നതാണ് പ്രധാനം. സര്‍ക്കാര്‍ ഒരുക്കുന്ന മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ പുതുതലമുറ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പില്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, വാര്‍ഡ് അംഗം ജിന്‍സണ്‍ വര്‍ക്കി, ഹെഡ് മാസ്റ്റര്‍ എം.വി. ജോര്‍ജു കുട്ടി, അഡീഷണല്‍ എസ് പി ഇമ്മാനുവല്‍ പോള്‍, എസ് പി സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്. ആര്‍. സുരേഷ് ബാബു, കട്ടപ്പന എസ് എച്ച് ഒ ടി.സി. മുരുകന്‍, പി.ടി.എ. പ്രസിഡന്റ് സിജോ ഇലന്തൂര്‍, എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിന്‍, സി പി ഒ ജിറ്റോ മാത്യു, എ സി പി ഒ ലിജോ ജോയ്തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!