KeralaLatest News

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർമ പദ്ധതി; സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം

സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വീട്ടിലും സ്കൂളിലും കുട്ടികൾ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകിയത്. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും തടയാനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകും. ഹെൽപ്പ് ബോക്സ് ഇതിനായി സ്കൂളുകളിൽ സ്ഥാപിക്കും. പ്രധാന അധ്യാപികയുടെ നിയന്ത്രണത്തിലാകും സ്കൂളുകളിൽ ഹെൽപ് ബോക്സ് സ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആഴ്ചയും ഇത് പരിശോധിക്കും. ജില്ലാ അടിസ്ഥാനത്തിൽ കൗൺസിലർമാരുടെ യോഗം വിളിച്ച് ചേർക്കും. വിദ്യാഭ്യാസമന്ത്രിയും,പൊതു വിദ്യാഭ്യാസ ഡയറക്ടറും ഈ യോഗത്തിൽ പങ്കെടുക്കും.

കുട്ടികൾ പറയുന്ന പ്രശ്നങ്ങൾ രഹസ്യമായി ചില അധ്യാപകർ വെക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇനി അത്തരം സംഭവം ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും രക്ഷിതാക്കൾക്ക് പ്രത്യേക ക്ലിനിക്കൽ ക്ലാസ് നൽകുമെന്നും മന്ത്രി അറിയിച്ചു. 80000 അധ്യാപകർക്ക് ഫീൽഡ് തല പരിശീലനം. അധ്യാപക പരിശീലനത്തിൽ കൗൺസിലിംഗിന് പ്രാധാന്യം നൽകും. കുട്ടിയുടെ സംരക്ഷണമാണ് സർക്കാരിന് പ്രാധാന്യം. ടീച്ചറിൻ്റെ ജോലി പഠിപ്പിക്കൽ മാത്രം അല്ല. അങ്ങനെ ആരും കരുതേണ്ട. കുട്ടിയുടെ അവസ്ഥ കൂടി മനസിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ഓണം കഴിഞ്ഞാൽ ഉടൻ ഹെൽപ്പ് ബോക്സ് സ്ഥാപിക്കണമെന്ന് മന്ത്രി നിർദേശം നൽകി. അല്ലെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച കേസ് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാർ‌ത്താ സമ്മേളനം. കുട്ടിയ്ക്ക് സർക്കാർ സഹായവും സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികൾക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. കുട്ടിയെ സന്ദർശിച്ചിരുന്നു. ഏൽക്കേണ്ടി വന്ന മർനവും പ്രയാസങ്ങളും കുട്ടി പറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!