KeralaLatest NewsLocal news
ആലുവയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്; അടിമാലി സ്വദേശിയും സഹോദരനും പൊലീസ് പിടിയിൽ

ആലുവയിൽ തായിക്കാട്ടുകരയിലെ ഐഡിയൽ സ്കൂളിന് മുന്നിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആലുവ സ്വദേശിയായ ജൈഫറിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൈഫറിന്റെ ആദ്യ ഭാര്യയുടെ മുൻ ഭർത്താവായ അടിമാലി സ്വദേശി സുധി, ഇയാളുടെ സഹോദരൻ പെരിങ്ങാല സ്വദേശി ഉബൈദ് എന്നിവരാണ് പിടിയിലായത്. ജൈഫറിന്റെ കുട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കുന്നതിനിടെ തർക്കം രൂക്ഷമാവുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. പ്രതികൾക്കെതിരെ ബാലനീതി നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ ജൈഫറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.