പുതിയ കെട്ടിടത്തിൽ തിളങ്ങി തങ്കമണി, വാഗമൺ പൊലീസ് സ്റ്റേഷനുകളും ജില്ലാ കൺട്രോൾ റൂമും

നിർമ്മാണം പൂർത്തീകരിച്ച തങ്കമണി, വാഗമൺ എന്നീ പൊലീസ് സ്റ്റേഷനുകളുടെയും ജില്ലാ കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം 12ന് (നാളെ) നടക്കും. വിവിധ സ്ഥലങ്ങളിൽ 3.30 ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. വാഗമൺ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎയും, ജില്ലാ കൺട്രോൾ റൂമിന്റെ ഉദ്ഘാടനത്തിൽ ഡിസിആർബി ഡിവൈഎസ്പി കെ. ആർ ബിജുവും അധ്യക്ഷത വഹിക്കും.
മൂന്ന് നിലകളിലായാണ് തങ്കമണി,വാഗമൺ പോലീസ് സ്റ്റേഷനുകൾ പണിതുയർത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുറികൾ, തൊണ്ടി സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറി, റെക്കോർഡ് റൂം, മൂന്ന് ലോക്കപ്പുകൾ, വികലാംഗ സൗഹൃദ ടോയ്ലറ്റ് ഉൾപ്പെടെ 23 റൂമുകളും, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തങ്കമണി പൊലീസ് സ്റ്റേഷന്റെ നിർമ്മാണത്തിനായി രണ്ട് കോടി നാല് ലക്ഷത്തി നാൽപ്പതിനായിരം രൂപയും വാഗമൺ പൊലീസ് സ്റ്റേഷനുവേണ്ടി 1.99 ലക്ഷത്തി അൻപ്പത്തി ആയായിരം രൂപയുമാണ് നിർമ്മാണ ചെലവ്.
ഇടുക്കി പൊലീസ് ക്യാമ്പിൽ നിർമ്മിച്ചിരിക്കുന്ന ജില്ലാ കൺട്രോൾ റൂമിന്റെ നിർമ്മാണത്തിനായി 98 ലക്ഷത്തി പതിനാറായിരം രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്. ഇരുനിലകളിയായി നിർമ്മിച്ചിരിക്കുന്ന കൺട്രോൾ റൂമിൽ എമർജൻസി റെസ്പോൺസ് സിസ്റ്റം, എഎൻപിആർ, തുടങ്ങി ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങക്കായുള്ള റൂമുകളും നിർമ്മിച്ചിട്ടുണ്ട്.
പോലീസ് സ്റ്റേഷന്റെയും കൺട്രോൾ റൂമിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.