
അടിമാലി: ജനവാസമാരംഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വേണ്ടവിധം വികസനം എത്തി നോക്കാത്ത ഒരിടമുണ്ട് അടിമാലിക്ക് സമീപം. അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഉള്‍പ്പെടുന്ന പഴംപിള്ളിച്ചാല്‍ മേഖലയിലെ നാനൂറ്റി അന്‍പതിലധികം കുടുംബങ്ങളാണ് അധികൃതരുടെ അവഗണന കൊണ്ട് ദുരിതം അനുഭവിക്കുന്നത്. നേര്യമംഗലം വനാതിര്‍ത്തി പങ്കിടുന്ന കുടിയേറ്റ മേഖലയാണ് പഴംപിള്ളിച്ചാല്‍ ഗ്രാമം.
450ലധികം കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. ഏറെയും പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍. പഞ്ചായത്ത് ആസ്ഥാനമായ അടിമാലിയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്തിലാണ് പഴംപിള്ളിച്ചാല്‍ ജനത അധിവസിക്കുന്നത്. ടാര്‍ ചെയ്ത ഒരുറോഡും ഒരു എല്‍ പി സ്‌കൂളും ഒരു അംഗന്‍വാടിയും ഒഴിച്ചാല്‍ കാര്യമായി മറ്റൊന്നും പഴമ്പിള്ളിച്ചാലിന് സ്വന്തമായിട്ട് ഇല്ല. ഹൈസ്‌ക്കൂളോ ഹയര്‍സെക്കന്‍ഡറിയോ ഇല്ലാത്തതിനാല്‍ പ്രദേശത്തെ വിദ്യാര്‍ഥികളെല്ലാം അടിമാലിയിലോ നേര്യമംഗലത്തോ പോകേണ്ട സ്ഥിതിയാണ്.
ഗ്രാമസഭ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ഒത്തുചേരാന്‍ ഒരു സാംസ്‌കാരിക കേന്ദ്രമോ ചികിത്സ ആവശ്യങ്ങള്‍ക്കായി ആരോഗ്യ ഉപ കേന്ദ്രങ്ങളോ ഇല്ല. തുടര്‍ച്ചയായ വന്യമൃഗ ആക്രമണങ്ങള്‍ ജനജീവിതത്തിനും കൃഷിക്കും എന്നും ഭീഷണിയാണ്. കുടുംബങ്ങള്‍ ഏറെയും പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ആണെങ്കിലും എസ് സി, എസ് ടി വകുപ്പുകളുടെ സഹായ പദ്ധതികളൊന്നും ഇവിടേക്ക് വരാറില്ല.
തെരഞ്ഞെടുപ്പ് കാലത്ത് എത്തുന്ന വിവിധ രാഷ്ട്രീയക്കാര്‍ വികസന വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും പിന്നീട് തിരിഞ്ഞു നോക്കാറില്ലന്നും നാട്ടുകാര്‍ പറയുന്നു. വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം ഉള്‍പ്പെടെ പനമ്പിളിച്ചാല്‍ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി അധികാര കേന്ദ്രങ്ങളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.