വാഹനത്തിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ;കമ്പി വടിക്ക് യുവാവിന്റെ തലക്ക് അടിച്ചു

ഇടുക്കി : ശാന്തൻപാറ പള്ളിക്കുന്നിൽ വച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുത്തടി സ്വദേശികളായ രൂപൻ (20), ഇയാളുടെ ബന്ധു മുരുകൻ(31) എന്നിവരെയാണ് ശാന്തൻപാറ സി ഐ എസ് സരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ പരിക്കേറ്റ വാഴേപ്പറമ്പിൽ ബിജു(കുട്ടായി-46) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓഗസ്റ്റ് 15ന് രാവിലെ രൂപന്റെ സഹോദരൻ മോഹന(25) നും ബിജുവും തമ്മിൽ ചേരിയാർ – പള്ളിക്കുന്ന് റോഡിൽ വച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നു. അന്ന് വൈകിട്ട് പ്രതികൾ ബിജുവിനെ പള്ളിക്കുന്നിൽ വച്ച് കമ്പി വടി കൊണ്ട് അടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ബിജുവിനെ കഴിഞ്ഞദിവസം വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നാംപ്രതി മോഹനൻ ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു.