HealthKeralaLatest NewsLocal news

ഹൃദയ ചികിത്സക്ക് ഹൈറേഞ്ചുകാര്‍ താണ്ടണം ദൂരമേറെ; ഈ ദുരിതം എന്ന് തീരും

അടിമാലി: വര്‍ഷമിത്ര പിന്നിട്ടിട്ടും ജനവാസം വര്‍ധിച്ചിട്ടും ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഹൃദയ ചികിത്സക്കുള്ള സൗകര്യം ഹൈറേഞ്ചില്‍ ഇപ്പോഴും അന്യം. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആളുകള്‍ക്ക് മെച്ചപ്പെട്ട നിലയില്‍ ഹൃദയ ചികിത്സ ലഭ്യമാകണമെങ്കില്‍ കോട്ടയവും എറണാകുളവും അടക്കമുള്ള അയല്‍ ജില്ലകളെ ആശ്രയിക്കേണ്ടുന്ന ഗതികേടിലൂടെയാണ് കടന്നു പോകുന്നത്.

വട്ടവടയും മറയൂരും ഇടമലക്കുടിയും മൂന്നാറുമടങ്ങുന്ന ഇടങ്ങളില്‍ നിന്നും ആളുകള്‍ക്ക് രോഗികളുമായി അടിമാലിയില്‍ എത്തണമെങ്കില്‍ തന്നെ മുപ്പത് മുതല്‍ നൂറു കിലോമീറ്റര്‍ വരെ സഞ്ചരിക്കണം. അടിമാലിയില്‍ നിന്നും അയല്‍ ജില്ലകളില്‍ എത്തണമെങ്കില്‍ പിന്നെയും സഞ്ചരിക്കണം നൂറ് കിലോമീറ്ററിന് മുകളില്‍. ഈ സാഹചര്യത്തിലാണ് ഹൈറേഞ്ച് മേഖലയില്‍ തന്നെ കാര്‍ഡിയോളജി ചികിത്സക്കുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജ്ജിക്കുന്നത്.

ഹൃദയ സംബന്ധമായ അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു രോഗിക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഹൈറേഞ്ചുകാര്‍ക്ക് അതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്നത് രോഗികളുടെ ബന്ധുമിത്രാദികള്‍ക്ക് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതല്ല. ജീവന്‍ കൈയ്യില്‍ പിടിച്ചുള്ള യാത്രക്കിടയില്‍ ഹൃദയമിടിപ്പ് നിലച്ച് പോകുന്നവരുണ്ട്. ദിവസവും ഹൈറേഞ്ചില്‍ നിന്നു മലയിറങ്ങി അയല്‍ജില്ലകളില്‍ ഹൃദയ ചികിത്സ തേടുന്നവര്‍ നിരവധിയാണ്.

ഹൃദയ ചികിത്സ തേടിയുള്ള യാത്രക്കായി വേണ്ടുന്ന സമയത്തിനും ദൂരത്തിനുമൊപ്പം സാധാരണക്കാര്‍ കണ്ടെത്തേണ്ടി വരുന്ന അധിക സാമ്പത്തിക ചിലവും ഹൈറേഞ്ച് മേഖലയില്‍ ക്രമീകരിക്കേണ്ടുന്ന ഹൃദയ ചികിത്സയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!