Latest NewsNational

അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണമില്ല

ന്യൂ ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് ആശ്വാസം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണ ആവശ്യം സുപ്രീം കോടതി തള്ളി. സെബിയുടെ നിയന്ത്രണാധികാരങ്ങളില്‍ ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്നും സുപ്രീം കോടതി പറഞ്ഞു. അന്വേഷണം സെബിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും രണ്ട് അന്വേഷണങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കില്‍ സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് വിധി പറഞ്ഞത്. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് വിധി.

നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കണം. ഇതിനായി കേന്ദ്രവും സെബിയും നടപടി സ്വീകരിക്കണം. സെബി അന്വേഷണത്തെ സംശയിക്കാനാവില്ല. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹര്യങ്ങളില്‍ മാത്രമാണെന്നും അന്വേഷണം കൈമാറേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണ തെളിവല്ലെന്നു പറഞ്ഞ കോടതി ഹര്‍ജിക്കാരെയും വിമർശിച്ചു. ഹര്‍ജി മതിയായ ഗവേഷണം നടത്താതെയാണെന്നും കാമ്പില്ലാത്ത റിപ്പോര്‍ട്ടിനെ ഹര്‍ജിക്കാര്‍ ആശ്രയിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. ആവശ്യമായ തെളിവ് നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിപ്രകാരം അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.

അദാനി ഗ്രൂപ്പ് ഓഹരികള്‍ വിലപെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ നിലവിലെ വിദഗ്ധ സമിതിയെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണത്തെയും സംശയിച്ച ഹര്‍ജിക്കാരുടെ നിലപാടിനെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. നിയമപരമായി സ്ഥാപിക്കപ്പെട്ട സംവിധാനമായ സെബിയെ സംശയിക്കുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണം ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തുടര്‍ന്ന് സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഓഗസ്റ്റ് 14നുള്ളില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെയാണ് സെബിയുടെയും വിദഗ്ധ സമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!