
മൂന്നാര്‍: ഭാരതാംബ വിവാദത്തില്‍ മൂന്നാറില്‍ ഗവര്‍ണ്ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം. ഭാരതാംബ വിവാദത്തില്‍ സി പി ഐ മന്ത്രിമാരും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവുമടക്കം ഗവര്‍ണ്ണര്‍ക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ച് മുമ്പോട്ട് പോകവെയാണ് മൂന്നാറില്‍ ഇന്ന് വിഷയത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ചിന്നക്കനാലിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗവര്‍ണ്ണര്‍ക്ക് നേരെ മൂന്നാര്‍ ഇക്കാനഗറില്‍ വച്ചായിരുന്നു പ്രതിഷേധം ഉണ്ടായത്. വഴിയരികില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടി.
പ്രതിഷേധക്കാരെ പിടിച്ച് മാറ്റാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ഗവര്‍ണ്ണറുടെ വാഹന വ്യൂഹം കടന്നു പോകും വഴിയില്‍ പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളികളുമായി പ്രതിഷേധം തുടര്‍ന്നു. സി പി ഐ, എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.ഗവര്‍ണ്ണര്‍ ആര്‍ എസ് എസ് സമീപനം ഉപേക്ഷിക്കണമെന്ന് സി പി ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതല്‍ ഗവര്‍ണ്ണറുടെ വാഹന വ്യൂഹം കടന്നു പോയ ദേശിയപാതയിലടക്കം പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.