
മൂന്നാര്‍: ഇന്ധനക്കമ്പനിയുടെ പേരില്‍ ഏജന്‍സി നല്‍കാമെന്നു വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം യുവാവിന്റെ നാല്‍പ്പത് ലക്ഷത്തോളം രൂപ കവര്‍ന്നുവെന്ന് പരാതി. മൂന്നാര്‍ സ്വദേശി മനോജ് വി നായര്‍ക്കാണ് പണം നഷ്ടപ്പെട്ടത്.തൃശൂരില്‍ ഏജന്‍സി നല്കുന്നതിനായിട്ടായിരുന്നു മൂന്നാര്‍ സ്വദേശി മനോജ് പണം നല്‍കിയത്. ഏജന്‍സിക്കുള്ള അപേക്ഷാ വിവരങ്ങള്‍ ഓണ്‍ലൈനിലാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
തുടര്‍ന്ന് ഏജന്‍സി തുടങ്ങുന്നതിനായി ഓണ്‍ലൈനായി അപേക്ഷ നല്കി. ഇന്ധനക്കമ്പനിയുടേതിനു സമാനമായ സീലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളടങ്ങിയ കത്തുകളും വിവരങ്ങളും ഓണ്‍ലൈനിലൂടെ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഏജന്‍സി തുടങ്ങുന്നതിനാവശ്യമായ മുഴുവന്‍ രേഖകളും ഓണ്‍ലൈനായി തട്ടിപ്പ് സംഘം മൂന്നാര്‍ സ്വദേശിക്ക് നല്കി. തുടര്‍ന്നു തട്ടിപ്പുസംഘം ആവശ്യപ്പെട്ട പ്രകാരം പലപ്പോഴായി 40 ലക്ഷത്തോളം രൂപ അവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
പണം നല് കിയ ശേഷം തുടര്‍വിവരങ്ങള്‍ ഇല്ലാതായതോടെ മനോജ് ഇന്ധനക്കമ്പനിയില് നേരിട്ട് അന്വേഷിച്ചതോടെയാണു തട്ടിപ്പു പുറത്തായത്. തുടര്‍ന്നിയാള്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്കി. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോള്‍ സ്പൂഫിംങ്ങ് അടക്കം ഉപയോഗപ്പെടുത്തി അതി വിദഗ്തമായാണ് തട്ടിപ്പ് സംഘം യുവാവിനെ കബളിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.