
അടിമാലി: റബ്ബറിന്റെ വിലയിടിവ് റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. വില ഉയരാത്തത് കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. 190 മുതല്‍ 200 രൂപ വരെയാണ് റബ്ബറിന്റെ വിപണിവില. 300 നു മുകളില്‍ വില ലഭിച്ചാല്‍ മാത്രമേ റബ്ബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാകു എന്നാണ് വാദം . പലരും റബര്‍കൃഷി തന്നെ ഉപേക്ഷിക്കുകയാണ്. കൂലി നല്കി ടാപ്പിങ് നടത്തിയാല്‍ കൂലിച്ചെലവു കഴിഞ്ഞാല്‍ ബാക്കി ഒന്നുമില്ലാത്ത അവസ്ഥയുണ്ട്.
റബ്ബര്‍ തോട്ടങ്ങള്‍ കാടു കയറിയും റബ്ബര്‍ വെട്ടാതെയും നശിക്കുന്ന സ്ഥിതിയുമുണ്ട്. കൂലിക്ക് ആളെ കിട്ടാനില്ലാത്തതും റബറിനു വില ഉയരാത്തതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇതുമൂലം റബ്ബര്‍ തോട്ടം വിട്ട് കര്‍ഷകര്‍ മറ്റു കൃഷികളിലേക്കു കടക്കണ്ട സാഹചര്യത്തിലാണെന്നും കര്‍ഷകര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും സബ്സിഡി അടക്കം ലഭ്യമാക്കി റബ്ബര്‍ കര്‍ഷകരെ പിടിച്ചു നിര്‍ത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
കൂലിയും പരിചരണ ചിലവും കഴിഞ്ഞാല്‍ ലാഭമല്ല നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. സ്വന്തമായി ടാപ്പിങ് ചെയ്യുന്നവര്‍ക്ക് കൂലിച്ചെലവു മാത്രം ലഭിക്കുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ നിന്നും വരും നാളുകളില്‍ പരിപൂര്‍ണ്ണമായി റബ്ബര്‍ കൃഷി ഇല്ലാതാകുമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെച്ചു.