KeralaLatest NewsLocal news

നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷ

മൂന്നാര്‍: വട്ടവടയിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്തിന്റെ ജൈവവൈവിധ്യത്തെയും നീലക്കുറിഞ്ഞിയെയും ഒരുപോ ലെ സംരക്ഷിക്കുന്നതിനായാണ് പ്രത്യേക ഉദ്യാനമെന്ന ആശയം മുന്നോട്ടുവച്ചത്. 2006ല്‍ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി. 2007 ഡിസംബറില്‍ ഉദ്യാനം ഉള്‍പ്പെടുന്ന ഭൂമിയുടെ സര്‍വേ നമ്പരുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപ നമിറക്കി.

ഒരു പ്രത്യേക സസ്യത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യയില്‍ ആദ്യമായി സ്ഥാപിക്കുന്ന ദേശീയോദ്യാനമാണിത്.
വട്ടവടയിലും കൊട്ടാക്കമ്പൂരുമായി ദേവികുളം താലൂക്കില്‍ ഏകദേശം  8000 ഏക്കറോളം ഭൂമിയിലാണ് ഉദ്യാനം ഒരുങ്ങുന്നത്. ഭൂമിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി നിര്‍ണയിച്ച് സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രഖ്യാപനം നടത്തി 10 വര്‍ഷത്തിനുശേഷമാണ് സര്‍വേനടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

വട്ടവട കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലെ 58, 62 ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന റവന്യൂ, വനം ഭൂമിയിലാണ് ഉദ്യാനം സ്ഥാപിക്കുന്നത്. 2017ല്‍ മൂന്നംഗം മന്ത്രി തല സംഘം പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇവിടുത്തെ പട്ടയഭൂമി ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കും. അതിര്‍ത്തി നിര്‍ണയിച്ചതോടെ ഇതിനായുള്ളനടപടികള്‍ വേഗത്തിലാക്കും. നിലവില്‍ പ്രദേശത്ത് കാര്യമായി നീലക്കുറിഞ്ഞിയില്ല.

വട്ടവട, കൊട്ടാക്കമ്പൂര്‍, കമ്പക്കല്ല്, കടവരി പ്രദേശങ്ങളിലുള്ള യൂക്കാലി തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന റവന്യൂഭൂമിയും വനഭൂമിയുമാണിത്. യൂക്കാലി മരങ്ങള്‍ വെട്ടിനീക്കിയതിനുശേഷം നീല കുറിഞ്ഞി വച്ചുപിടിപ്പിക്കുന്നതിലൂടെ മാത്രമേ ഉദ്യാനം യാഥാര്‍ത്ഥ്യമാകു. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും വിവാദങ്ങളും നിലനിന്നിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്ന സര്‍വേ നമ്പരുകളില്‍ പട്ടയഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തിയതോടെ ഉദ്യാനം വിവാദമായി മാറി. 450ലേറെ പേര്‍ പരാതിയുമായിവന്നു.

നാട്ടുകാര്‍ ഭൂ സംരക്ഷണസമിതി രൂപവതീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു. സെറ്റില്‍മെന്റ് ഓഫീസറായ സബ് കളക്ടര്‍ പലതവണ സിറ്റിങ് നടത്തിയെങ്കിലും പരാതി പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ വനം വകുപ്പ് അധികാരം സ്ഥാപിച്ചതോടെ കര്‍ഷകരുടെ പട്ടയഭൂമിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അസാധ്യമായി. പഞ്ചായത്തിന്റെ റോഡ്, പാലം തുടങ്ങിയവയുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞിരുന്നു. പട്ടയഭൂമിയുമായുള്ള അതിര്‍ത്തിനിര്‍ണയം പൂര്‍ത്തിയായതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!