മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന്‍ ഭാഗത്തെ പാലത്തില്‍ രൂപം കൊണ്ടിട്ടുള്ള കുഴി അടച്ചു

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന്‍ ഭാഗത്തെ പാലത്തില്‍ രൂപം കൊണ്ടിട്ടുള്ള കുഴി അടച്ചു.മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷന്‍ ഭാഗത്തു നിന്നും മാട്ടുപ്പെട്ടി, ദേവികുളം ഭാഗങ്ങളിലേക്ക് പോകുന്നിടത്താണ് പഴയ പാലം സ്ഥിതി ചെയ്യുന്നത്. മുമ്പ് ഇരു വശങ്ങളിലേക്കും ഇതു വഴി വാഹനങ്ങള്‍ കടന്നു പോയിരുന്നുവെങ്കിലും പഴയ പാലത്തിന് സമീപം പുതിയ പാലം നിര്‍മ്മിച്ചതോടെ ഇരു പാലങ്ങളിലൂടെയുമുള്ള യാത്ര വണ്‍വെയായി ക്രമീകരിച്ചു.
പഴയ പാലത്തില്‍ രൂപം കൊണ്ട കുഴിയായിരുന്നു വാഹനയാത്രികര്‍ക്ക് തലവേദനയായി മാറിയത്. കുഴി രൂപം കൊണ്ടിട്ട് നാളുകളായെങ്കിലും കുഴിയടക്കാനുള്ള നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി കുഴികള്‍ അടച്ചിട്ടുള്ളത്. ഭാരവാഹനങ്ങളും ബസുകളുമൊക്കെ പാലത്തിലെ കുഴിയില്‍ ചാടുമ്പോള്‍ പാലം നിരന്തരം കുലുങ്ങുന്നത് ആശങ്കയായിരുന്നു.
ഇതോടെ പഴയപാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിഷു കാരാണ് മുതിരപ്പുഴക്ക് കുറുകെ മൂന്നാറിനെയും മാട്ടുപ്പെട്ടി, ദേവികുളം മേഖലകളെയും ബന്ധിപ്പിക്കുന്ന ഈ ഇരുമ്പുപാലം നിര്‍മിച്ചത്. കരിങ്കല്‍ തൂണുകളില്‍ ഇരുമ്പുപാളികള്‍ നിരത്തിയാണ് പാലം നിര്‍മിച്ചത്. സൈന്യം നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിനു സമാനമായുള്ള സാങ്കേതിക വിദ്യയിലായിരുന്നു നിര്‍മ്മിതി.