KeralaLatest NewsLocal news

വാഴൂർ സോമൻ്റെ വിയോഗം ജനഹൃദയത്തിലേറ്റ മുറിപ്പാട്


വാഴൂർ സോമൻ എം എൽ എയുടെ വിയോഗം ജന ഹൃദയത്തിലേറ്റ മുറിപ്പാടാണെന്ന് പീരുമേട് പാമ്പനാർ ജംക്ഷനിൽ ചേർന്ന അനുശോചന യോഗം. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും അനുശോചന യോഗത്തിൽ പങ്കെടുത്തു.
കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് വാഴൂർ സോമൻ നയിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. തോട്ടം മേഖലയിലെ ലയങ്ങളിലെ ദുരവസ്ഥ മാറ്റിയെടുക്കാൻ അദ്ദേഹം പരിശ്രമിച്ചു. ഇത് ഇനിയും തുടരണം. തോട്ടം തൊഴിലാളികളുടെ ഓർമ്മകളായിരുന്നു അദ്ദേഹത്തെ നയിച്ചത്.

താൻ പ്രതിനിധീകരിച്ച ജനതയ്ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിൻ്റെ ആഗ്രഹങ്ങളും ആശകളും സാക്ഷത്കരിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ഭൂപ്രശ്നങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കായി എന്നും ശബ്ദമുയർത്തിയ നേതാവാണ് വാഴൂർ സോമൻ എന്ന് എം എം മണി എം എൽ എ അനുസ്മരിച്ചു. സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 


വാഴൂർ സോമൻ ഉയർത്തിപ്പിടിച്ച ലക്ഷ്യങ്ങൾക്കായി ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഒറ്റപ്പെട്ടു പോയ ജനവിഭാഗങ്ങൾക്കായി അദ്ദേഹം പ്രവർത്തിച്ചുവെന്നും മന്ത്രി അനുസ്മരിച്ചു. തിരുവനന്തപുരത്ത് നടന്ന റവന്യൂ അസംബ്ലിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വാഴൂർ സോമന് ദേഹാസ്വാസ്ഥ്യമുണ്ടായത്. അടഞ്ഞു കിടക്കുന്ന തോട്ടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ അനന്തമായി നീളുന്നതിലുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചതും മന്ത്രി അനുസ്മരിച്ചു. മന്ത്രി പി. പ്രസാദും വാഴൂർ സോമനെ അനുസ്മരിച്ചു.


സി.കെ. ആശ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ, മുൻ എം.പി അഡ്വ. ജോയ്സ് ജോർജ്, രാഷ്ട്രീയ കക്ഷി നേതാക്കളായ ബിനോയ് വിശ്വം,കെ. സലിം കുമാർ, മുൻ എം എൽ എ ഇ.എം. അഗസ്തി, മുൻ മന്ത്രിമാരായ കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രൻ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!