മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി;കൊലപാതകമെന്ന് സംശയം!!

മൂന്നാര്‍ : ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന കന്നിമല ഫാക്ടറി ഡിവിഷന് സ്വദേശി രാജപാണ്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം പാകം ചെയ്യാനായി സെക്യൂരിറ്റി ക്യാമ്പിലേക്ക് പോയ രാജപാണ്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയിലും രാജപാണ്ടി സെക്യൂരിറ്റി ജോലി ചെയ്തിരുന്നതായാണ് വിവരം. രാവിലെ വേറെയും സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയതോടെ കറി ഉണ്ടാക്കാമെന്ന് പറഞ്ഞ് രാജപാണ്ടി സെക്യൂരിറ്റി ക്യാമ്പിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞും ഇയാള്‍ തിരികെ എത്താതെ വന്നതോടെ മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളില്‍ രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞതോടെ മൂന്നാര്‍ പോലീസ് സ്ഥലത്തെത്തി. ഭിത്തിയില്‍ ചോരക്കറയുള്ളതായും രാജപാണ്ടിയുടെ തലയില്‍ ആഴത്തില്‍ മുറിവ് ഉള്ളതായും വിവരമുണ്ട്. സംഭവത്തിന് പിന്നില്‍ കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്തരും സ്ഥലത്തെത്തി പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ ജീവനക്കാരെ കോണ്ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലിക്ക് നല്കുന്ന കമ്പനിയുടെ കീഴിലാണ് ചൊക്കനാട് എസ്റ്റേറ്റില്‍ രാജപാണ്ടി ജോലി ചെയ്ത് വന്നിരുന്നത്.