വ്യാപാര സ്ഥാപനങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതിന് പിന്നില്‍ വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കം

മൂന്നാര്‍: മൂന്നാര്‍ ടൗണിലെ 29 വ്യാപാര സ്ഥാപനങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതിനു പിന്നില്‍ വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കം. ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പഴക്കട ഉടമകള്‍ ഉള്‍പ്പെടെ 8 പേര് ഹൈക്കോടതിയില്‍ പരാതി നല്കി.സ്വകാര്യ കമ്പനി അനുവദിച്ചു നല്‍കിയതിലും കൂടുതല്‍ സ്ഥലവും ആറ്റുപുറമ്പോക്കും കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചെന്ന് ആരോപിച്ചായിരുന്നു പരാതി.
ഇതെ തുടര്‍ന്നാണ് ഹൈക്കോടതി ദേവികുളം സബ് കലക്ടറോട്, ടൗണിലെ ആറ്റുപുറമ്പോക്ക് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ സംബന്ധിച്ച് സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് സര്‍വ്വേ നടത്തി സബ് കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സബ് കലക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 2024 ഏപ്രില്‍ 12ന് ഹൈക്കോടതി പുഴയുടെ പുറമ്പോക്കില്‍ അനധികൃതമായി നിര്‍മ്മിച്ച സ്ഥാപനങ്ങള്‍ നാലു മാസത്തിനുള്ളില്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത്.രേഖകള്‍ പരിശോധിച്ച്, സ്ഥാപന ഉടമകളുടെ വിശദീകരണം തേടിയ ശേഷം മാത്രമേ നടപടി സ്വീകരിക്കാവു എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഉത്തരവ് വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാത്ത സബ് കലക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കോടതി നോട്ടിസ് അയച്ചതോടെയാണ് വ്യാഴാഴ്ച്ച സ്ഥാപന ഉടമകള്‍ക്ക് റവന്യുഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്.