KeralaLatest NewsLocal news

വെർച്വൽ അറസ്റ്റ് : വീട്ടമ്മയുടെ 18.72 ലക്ഷം രൂപ തട്ടിയ ത്രിശൂർ സ്വദേശി നെടുംകണ്ടം പോലീസിന്റെ പിടിയിൽ.

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 18.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി തൃശ്ശൂർ, പുത്തൻചിറ നോർത്ത്, പകരപ്പിള്ളി വെളുത്തേടത്ത്കാട്ടിൽ വീട്ടിൽ ഹാരിസ് മുഹമ്മദ് (28) നെടുങ്കണ്ടം പോലീസിന്റെ പിടിയിലായി. 2024 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ പേരിൽ എത്തിയ പാഴ്സലിൽ വ്യാജ പാസ്പോർട്ടുകളും എ റ്റി എം കാർഡുകളും ലഹരിമരുന്നുകളും കണ്ടെത്തിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ഒന്നാംപ്രതി ഫോണിൽ വിളിക്കുകയായിരുന്നു.

നിയമ നടപടികളുടേതെന്ന പേരിൽ വ്യാജരേഖകൾ വാട്‌സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് പണം നൽകിയാൽ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന വീട്ടമ്മയുടെ സ്വർണം ഇതേ ബാങ്കിൽ പണയം വെപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. നെടുങ്കണ്ടം പോലീസ് ഇൻസ്പെക്ടർ ജെർലിൻ വി സ്‌കറിയയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ടി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നിബിൻ, ജോബിൻ എന്നിവരടങ്ങുന്ന സംഘം ബുധനാഴ്ച തൃശൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.


ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഭവമേ ഇന്ത്യയിൽ ഇല്ല.
അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ല. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്.

അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ, ഓടിപി നൽകണമെന്നോ, ബാങ്ക് അക്കൗണ്ട് നമ്പർ വേണമെന്നോ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ ഓർത്തോളൂ, അത് തട്ടിപ്പാണ്. ഒരിക്കലും അതിനു വഴങ്ങരുത്. അഥവാ സാമ്പത്തികത്തട്ടിപ്പിൽ പെട്ടുപോയാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!