തിരിച്ചടിയായി റംബുട്ടാൻ വിലയിടിവ് ; കർഷകർക്ക് ആശ്വാസവുമായി ഹോർട്ടികോർപ്പ്…

ഇടുക്കിയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലും ഇപ്പോൾ റംബുട്ടാൻ വിളവെടുപ്പ് കാലമാണ്. എന്നാൽ കാലാവസ്ഥ വ്യതിയാനവും വിലയിടിവും ഒരുമിച്ചെത്തിയതോടെ കർഷകർ പ്രതിസന്ധിയിലാണ്. കർഷകർക്ക് ആശ്വാസം പകരാൻ റംബുട്ടാൻ സംഭരണത്തിന് ഒരുങ്ങുകയാണ് ഹോർട്ടികോർപ്പ്.
പഴുത്ത് പാകമായ റംബുട്ടാൻ ഇങ്ങനെ വല വിരിച്ച് സംരക്ഷിച്ചിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഇടുക്കിയിലെവിടെയും കാണാനാവുക. റബറിന് വിലയിടിഞ്ഞതോടെയാണ് കർഷകർ റംബുട്ടാൻ കൃഷിയിലേക്കിറങ്ങിയത്. അതിർത്തി കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും റംബുട്ടാൻ കയറ്റുമതി തുടങ്ങിയതോടെ കഴിഞ്ഞവർഷം വരെ മികച്ച നേട്ടം കൊയ്ത കർഷകർക്ക് ഇത്തവണ കൈപൊള്ളി. ഉത്പാദനം കൂടിയതും, മഴയും തിരിച്ചടിയായി. എന്നാൽ പ്രതിസന്ധിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഹോർട്ടികോർപ്പ്. റംബുട്ടാൻ സംഭരിക്കുന്നതിനൊപ്പം കൂടുതൽ വിപണികൾ ഉറപ്പാക്കാനുമാണ് തീരുമാനം. റംബുട്ടാന് നിലവിൽ കിലോയ്ക്ക് 100 മുതൽ 150 രൂപ വരെയാണ് കച്ചവടക്കാർ ഈടാക്കുന്നത്. 140 രൂപ വരെ ഹോർട്ടികോർപ്പ് വഴി ലഭിച്ചാൽ പ്രതിസന്ധി ഒഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ