KeralaLatest News

വി സി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം; നിർണായക നീക്കവുമായി ഗവർണർ സുപ്രീം കോടതിയിൽ

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സുപ്രീം കോടതിയിൽ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ആവശ്യം.ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിൽ UGC പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സർക്കാരിനെ പാടെ ഒഴിവാക്കാനുള്ള ഗവർണറുടെ നടപടി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു.

മുഖ്യമന്ത്രിയെ നിയമനപ്രക്രിയയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ ഹർജി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു. സംസ്ഥാനത്ത് സർവകലാശാലകൾക്ക് വേണ്ട പിന്തുണ നൽകി വരുന്നത് സംസ്ഥാന സർക്കാരാണ്. ചാൻസിലറെ നിയമിക്കുന്നതുപോലും നിയമസഭയാണ്. അങ്ങനെയിരിക്കെ മുഖ്യമന്ത്രിയും സർക്കാരിനെയും ഒഴിവാക്കി എങ്ങനെ വൈസ് ചാൻസിലറെ നിയമിക്കാൻ കഴിയുമെന്ന് മന്ത്രി വിമർശിച്ചു.

ഡിജിറ്റൽ സർവകലാശാല രൂപീകരിച്ചത് പോലും മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിട്ടാണ്. സംസ്ഥാന സർക്കാരിന് ആ സർവകലാശാലയിൽ ഉൾപ്പെടെ ഒരു അധികാരവുമില്ല എന്ന് പറയുന്നത് മൂഢത്വം.ജനാധിപത്യ മര്യാദയെ ലംഘിക്കുന്നതാണ് ഗവർണറുടെ നടപടി. നേരത്തെ വന്ന സുപ്രീംകോടതി വിധി വളരെ തുല്യത ഉള്ളതായിരുന്നു. കൃത്യമായ രീതിയിലുള്ള ഫോർമുലയാണ് സുപ്രീംകോടതി മുന്നോട്ടുവച്ചത്. അത് സ്വീകരിച്ച് അതിനുള്ള നടപടിയുമായി മുന്നോട്ടു പോകുന്നതിനു പകരം പ്രശ്നം വഷളാക്കാൻ ഉള്ള നീക്കമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാന സർക്കാർ പരമാവധി അനുരഞ്ജനത്തിന്റെ ഭാഷയിൽ സംസാരിക്കുന്നു. പലതവണ ചാൻസലറുമായി ചർച്ചകൾ നടത്തി.

വലിയ പരിശ്രമം സമവായത്തിനു ഉണ്ടായി. എന്നിട്ടും അത് അവഗണിക്കുന്നതാണ് ഗവർണറുടെ നിലപാട്. വി സി നിയമനത്തിൽ സംസ്ഥാന സർക്കാരിനെ പാടെ ഒഴിവാക്കുക എന്നത് ശരിയല്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!