ആസിഡാക്രമണത്തില്‍ മരണപ്പെട്ട നിജിതയുടെ മക്കള്‍ക്ക് അടിമാലിയില്‍ സ്നേഹവീടൊരുങ്ങി

അടിമാലി: 2022ല്‍ കണ്ണൂരില്‍ ഭര്‍ത്താവിന്റെ ആസിഡാക്രമണത്തില്‍ മരണപ്പെട്ട നിജിതയുടെ മക്കള്‍ക്ക് അടിമാലിയില്‍ സ്നേഹവീടൊരുങ്ങി. പോയ കാലത്തെ പൊള്ളുന്ന ഓര്‍മ്മകളില്‍ നിന്ന് നിജിതയുടെ മക്കള്‍ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പുതിയ വീട്ടിലേക്ക് നടന്നു കയറി. ഇന്നു മുതല്‍ ഇവര്‍ക്ക് അടിമാലി ആയിരമേക്കറില്‍ സുമനസ്സുകള്‍ തീര്‍ത്ത് നല്കിയ സ്നേഹ ഭവനത്തില്‍ അന്തിയുറങ്ങാം.
ആസിഡാക്രമണത്തില്‍ പരിക്കേറ്റ നിജിതയുടെ മകളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് അടിമാലി ഇരുന്നൂറേക്കറിലുള്ള പൊള്ളല്‍ ചികിത്സാലയമായ സ്നേഹസാന്ത്വനത്തിലെ ചികിത്സയായിരുന്നു. വൈദ്യരത്നം ജോര്‍ജ്ജ് ഫിലിപ്പ് വൈദ്യരായിരുന്നു പാരമ്പര്യ ചികിത്സയിലൂടെ ബാലികക്ക് തുണയായത്. ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ബാലികക്കും സഹോദരനും ഇരുവര്‍ക്കും തണലായി നിന്ന വല്യമ്മക്കും കയറി കിടക്കാന്‍ സ്വന്തമായി ഭവനമുണ്ടായിരുന്നില്ല.
തുടര്‍ന്ന് ജോര്‍ജ്ജ് ഫിലിപ്പ് വൈദ്യര് തന്നെ ഇവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി 5 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്കി. ആയിരമേക്കറിലെ ഈ സ്ഥലത്താണ് സ്നേഹഭവനം ഒരുങ്ങിയിട്ടുള്ളത്. കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ സ്നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സ്നേഹവീടിന്റെ ആശീര്‍വാദം നിര്‍വ്വഹിച്ചു. താക്കോല്‍ദാന ചടങ്ങില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയ നിജിതയുടെ മകള്‍ കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് പഠനം നടത്തുന്നത്. പെണ്‍കുട്ടിയുടെ സഹോദരന് വയനാട്ടിലും പഠനം നടത്തുന്നു. ജോര്‍ജ്ജ് ഫിലിപ്പ് വൈദ്യര്‍ക്കൊപ്പം കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ കൂടി നേതൃത്വത്തിലാണ് വിവിധ സുമനസ്സുകളുടെ സഹായത്താല്‍ സ്നേഹ വീടിന്റെ പൂര്‍ത്തീകരണം സാധ്യമാക്കിയത്.
മുന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് തറക്കല്ലിട്ടായിരുന്നു വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീട്ടിലേക്ക് വേണ്ടുന്ന മുഴുവന്‍ ഫര്‍ണ്ണിച്ചറുകളും ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെയും പി ടി എയുടെയും സഹകരണത്തോടെയാണ് വാങ്ങി നല്‍കിയത്. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ റവ. ഡോ. സി പ്രദീപ സി എം സി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് സി പി മാത്യു, മുന്‍ എം എല്‍ എ കെ മണി, റവ. ഫാ. തോമസ് തൂമ്പുങ്കല്‍, സിസ്റ്റര്‍ ക്രിസ്റ്റീന,ജോര്‍ജ്ജ് ഫിലിപ്പ് വൈദ്യര്, റവ. ഫാ എല്‍ദോസ് കുറ്റപ്പാല കോര്‍ എപ്പിസ്ക്കോപ്പ, വിവിധ വൈദികര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്ക്കാരിക രംഗത്തെ ആളുകള്‍ എന്നിവര്‍ സംസാരിച്ചു. വീട് നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിവിധയാളുകളെ ചടങ്ങില്‍ അനുമോദിച്ചു.