
കണ്ണൂരിലെ ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂർ സ്വദേശി നിഖിലയെ അറസ്റ്റ് ചെയ്തു. പിറ്റ് എൻഡിപിഎസ് ആക്ടിൽ സംസ്ഥാനത്തെ ആദ്യ വനിതാ അറസ്റ്റാണിത്. ലഹരി കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നാണ് നിഖിലയെ പിടികൂടിയത്. നിഖിലയെ അട്ടകുളങ്ങര ജയിലിൽ എത്തിക്കും.
പിറ്റ് എൻഡിപിഎസ് നിയമപ്രകാരം സ്ഥിരമായി ലഹരി കടത്തുന്നവരെ ആറ് മാസം വരെ കരുതൽ തടങ്കലിൽ വെക്കാം. ഈ വർഷം ഫെബ്രുവരിയിൽ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖില പിടിയിലായിരുന്നു. 2023ൽ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റിൽ സഞ്ചരിക്കുന്നതിനാലാണ് നിഖിലയെ ബുള്ളറ്റ് ലേഡി എന്ന് വിളിക്കുന്നത്. ഇരുചക്രവാഹനത്തിൽ ആവശ്യക്കാർക്ക് അരികിലെത്തി മയക്കുമരുന്ന് കൈമാറുകയാണ് നിഖില ചെയ്യുന്നത്.
2023 ൽ കഞ്ചാവ് വിൽക്കുന്നതിനിടെ എക്സൈസ് സംഘം പിടികൂടി. ജയിൽ മോചിതയായതിന് പിന്നാലെ കച്ചവടം വിപുലമാക്കി. മയക്കുമരുന്ന് വില്പനയിൽ കേന്ദ്രീകരിക്കുകയായിരുന്നു. അനധികൃത ഇടപാടുകൾ തിരിച്ചറിഞ്ഞ എക്സൈസ് നിഖിലയ്ക്ക് പിന്നാലെ കൂടുകയായിരുന്നു. ഒടുവിൽ തെളിവ് സഹിതമാണ് ഈ വർഷം ഫെബ്രുവരിയിൽ സ്വന്തം വീട്ടിൽ നിന്ന് പിടിയിലായത്. നാട്ടിലാകെ ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന പതിവായതോടെ നാട്ടുകാരാണ് ബുള്ളറ്റ് ലേഡി എന്ന് പേരിട്ടത്