‘മിന്നാമിന്നി’ കലോത്സവത്തില്‍ ആടിയും പാടിയും കുട്ടി കലാകാരന്മാർ; സന്തോഷം പങ്കിട്ട് മന്ത്രി റോഷി അഗസ്റ്റിൻ

വൈകല്യങ്ങള്‍ മറന്ന് ഒരുമിച്ചുകൂടി വാഴത്തോപ്പിലെ ‘മിന്നാമിന്നി’ കൂട്ടം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മിന്നാമിന്നി’ ഭിന്നശേഷി കലോത്സവം ഏറെ ശ്രദ്ധേയമായി. പരിപാടിയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം സന്തോഷം പങ്കിട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പങ്കെടുത്തു. കലോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി കസേര കളി, ബോള്‍ പാസ്സിങ്, ചിത്ര രചന തുടങ്ങി വിവിധ കലാപരിപാടികള്‍ നടത്തി..
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തികവര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനും കാര്യശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്. തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ സിജി ചാക്കോ, രാജു ജോസഫ്, ഐ. സി. ഡി. എസ് ഓഫീസര്‍ അലോഷ്യ ജോസഫ്, പൈനാവ് അമല്‍ജ്യോതി സ്പെഷ്യല്‍ സ്കൂളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.