പെട്ടിമുടിയില്‍ നിന്നും ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

മൂന്നാര്‍: പെട്ടിമുടിയില്‍ നിന്നും ഇടമലക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ എം എല്‍ എ. പെട്ടിമുതല്‍ ഇഡിലിപ്പാറക്കുടി വരെയുള്ള അഅഞ്ച് കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം നിലവില്‍ പൂര്‍ത്തിയായി. ഇനി രണ്ട് കിലോമീറ്റര്‍ റോഡ് നിര്‍മ്മാണമാണ് പൂര്‍ത്തിയാകാനുള്ളത്. റോഡ് നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികള്‍ കൊണ്ട് പോകുന്നതിന് വനം വകുപ്പ് തടസ്സം നിന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണം.
റോഡ് നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എം എല്‍ എം വ്യക്തമാക്കി. വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് സബ് കളക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ഇടമലക്കുടിയില്‍ പനിബാധിച്ച് കുട്ടി മരണപ്പെടുകയും പനിബാധിച്ച് കിടപ്പിലായ വൃദ്ധയെ ചുമന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്ത സാഹചര്യം ഉണ്ടായതോടെ റോഡ് വികസനം ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് എം എല്‍ എയും സബ് കളക്ടറും ഇടപെട്ട് റോഡ് നിര്‍മ്മാണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിച്ചത്.
രണ്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കൂടലാര്‍ കുടിയില്‍ നിന്നും ആനക്കുളം വഴി മാങ്കുളത്തെത്തി ഇവിടെ നിന്നും അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും ഈ റോഡിന്റെ നിര്‍മ്മാണം നടത്തുന്നതിനായും മുറവിളി ഉയരുന്നുണ്ട്.