മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി

മൂന്നാര്‍: മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. മൂന്നാറിലാണ് സംഭവം നടന്നത്. മൂന്നാര്‍ നല്ലതണ്ണി സ്വദേശി മുനിയാണ്ടിയാണ് മനസമ്മതച്ചടങ്ങിനിടെ വധുവിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയതായി കാണിച്ച് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പഴയ മൂന്നാറിലെ സ്വകാര്യ ക്ലബ്ബില്‍ വച്ചായിരുന്നു മനസ്സമ്മതച്ചടങ്ങ് നടന്നത്.
മകളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ ഒരു പവന് വീതം തൂക്കമുള്ള 6 വളകളും ഒരു ലക്ഷത്തിലധികം രൂപയുമുണ്ടായിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് വളകള്‍ ധരിക്കാനായി എടുക്കുന്നതിനിടയിലാണ് രണ്ട് വളകളും 500 ന്റെ നോട്ടുകെട്ടില്‍ നിന്ന് 54 എണ്ണവും നഷ്ടപ്പെട്ട കാര്യം തിരിച്ചറിയുന്നത്. ഉടന്‍ ബന്ധുക്കള്‍ മുറിയില്‍ പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താനായില്ല. ചടങ്ങിനു ശേഷം മുനിയാണ്ടി മൂന്നാര്‍ പൊലീസില്‍ പരാതി നല്കി. കേസെടുത്ത പൊലീസ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കി.