KeralaLatest NewsLocal news

കണ്ണും മനസും നിറയ്ക്കും കാഞ്ഞാര്‍ പച്ചത്തുരുത്ത്

അറവുശാലയില്‍ നിന്നും ഉള്‍പ്പെടെയുള്ള പ്രദേശത്തെസകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാര്‍ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും അനധികൃത നിര്‍മ്മാണവുമെല്ലാം നടത്തിയിരുന്ന പ്രദേശം ഇന്നിപ്പോള്‍ കണ്ണിനും മനസ്സിനും സന്തോഷത്തിന്റെ പച്ചപ്പ് തരുന്ന ഇടമായി മാറി. കാഞ്ഞാര്‍-ആനക്കയം റോഡില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ഈ ചെറിയ ഹരിത വനത്തിന് പിന്നില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാര്‍ഡ്യവും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെയും നാട്ടുകാരുടെയും കഠിനാധ്വാനവുമുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനതലത്തിലെ പച്ചതുരുത്തുകളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കാഞ്ഞാര്‍ പച്ചതുരുത്ത്. 

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തും ഹരിത കേരളം മിഷനും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ ഈ ഒരേക്കറോളം ഭൂമിയില്‍ 2019 ജൂണ്‍ 16നാണ് പച്ചത്തുരുത്തിന് തുടക്കമിട്ടത്. 250 വൃക്ഷത്തൈകളില്‍ തുടങ്ങിയ ഈ പച്ചത്തുരുത്തില്‍ ഇപ്പോള്‍ പുളിയും പ്ലാവും മാവും നെല്ലിയും അത്തിയും ആര്യവേപ്പും ഇത്തിയും മരുതും മഹാഗണിയും പേരയും തുടങ്ങി ആയിരത്തോളം ഇനങ്ങളുടെ സസ്യ വൈവിധ്യമുണ്ട്. ചുറ്റിനും ചെമ്പരത്തിയും ഈറ്റയുമൊക്കെയൊരുക്കിയ മനോഹരമായ ജൈവവേലിയുടെ സംരക്ഷണവുമുണ്ട് കാഞ്ഞാര്‍ പച്ചതുരുത്തിന്.പേരയും മാവുമൊക്കെ കായ്ച്ചു തുടങ്ങി. മലങ്കര ജലാശയത്തിന്റെ ജലസമൃദ്ധിയുള്ളതിനാല്‍ ഇവിടുത്തെ പച്ചപ്പിന് ഒരിക്കലും കുറവുണ്ടായിരുന്നില്ല.

മരം നട്ടശേഷം തിരിഞ്ഞുനോക്കാതെ പോകുന്ന സംഭവങ്ങള്‍ നാട്ടില്‍ ഒട്ടേറെയുണ്ട്.എന്നാല്‍ കാഞ്ഞാര്‍ പച്ചത്തുരുത്ത് അങ്ങനെയായില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ ഈ പച്ചത്തുരുത്തിനെ ഭദ്രമായി പരിപാലിച്ചു.15 പേരാണ് ഓരോ കാലയളവിലും പച്ചത്തുരുത്തിനെ പരിപാലിച്ചത്. സമീപ പ്രദേശത്തുനിന്നും സ്വന്തം വീടുകളില്‍ നിന്നുമെല്ലാം ചാണകം ഉള്‍പ്പെടെ കൊണ്ടുവന്ന് ഇവര്‍ തൈകള്‍ക്ക് വളം നല്‍കി. കാട് കയറാതെ ചെറിയ കളകള്‍ പോലും നീക്കം ചെയ്തു അവര്‍ പരിപാലിച്ചു.

ഈ ഭൂമിയെ സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടലിലൂടെ അതവസാനിച്ചു.സമര്‍പ്പണ ബുദ്ധിയോടെ മൂന്നു വര്‍ഷം ഇവര്‍ നല്‍കിയ കരുതലാണ് കാഞ്ഞാര്‍ പച്ചത്തുരുത്തിന് ജീവന്‍ നല്‍കിയത്. പഞ്ചായത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ഈ ഭൂമി എംവിഐപിയില്‍ നിന്നും വിട്ടുകിട്ടി.

മനോഹരമായ പാര്‍ക്കും വിശ്രമ കേന്ദ്രവുമൊക്കെയാണ് പച്ചത്തുരുത്തില്‍ ഇനി യാഥാര്‍ത്ഥ്യമാകാനുള്ളത്.അതിനുള്ള കര്‍മ്മ പദ്ധതികള്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ വരും വര്‍ഷങ്ങളില്‍ ഇടം നേടുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറയുന്നു. ഈ വര്‍ഷത്തേത് ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ കാഞ്ഞാര്‍ പച്ചത്തുരുത്തിനെ തേടിയെത്തിയിരുന്നു. മുമ്പ് സംസ്ഥാനത്തെ അഞ്ച് മികച്ച പച്ചത്തുരുത്തുകളിലൊന്നായി കാഞ്ഞാറിനെ തിരഞ്ഞെടുത്തിരുന്നു. ഹരിത കേരളം മിഷന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയിലും കാഞ്ഞാര്‍ പച്ചത്തുരുത്തിന് ഇടം ലഭിച്ചു. കേന്ദ്ര പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥ സംഘവും പച്ചത്തുരുത്ത് സന്ദര്‍ശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!