
ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ മറികടന്നു. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 174 റൺസ് നേടി. മികച്ച തുടക്കം നൽകിയ അഭിഷേക് ശർമയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. പാക് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്. പാകിസ്താനായി ഹാരിസ് റൗഫ് രണ്ടും അബ്രാർ അഹമ്മദ്, ഫഹീം അഷ്റഫ് എന്നിവർ ഓരോ വിക്കറ്റും വീതം നേടി.
24 പന്തിലാണ് നേട്ടം അഭിഷേക് അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. തുടക്കം മുതൽ മികച്ച പ്രകനമായിരുന്നു ഇന്ത്യൻ ഓപ്പണർമാർ പുറത്തെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തിൽ തന്നെ സികസ്ടിച്ചാണ് തുടങ്ങിയത്. ഷഹീൻ അഫ്രീദിയെ അഭിഷേക് ശർമയാണ് അതിർത്തി കടത്തിയത്. 74 റൺസ് നേടിയാണ് അഭിഷേക് ക്രീസിൽ നിന്ന് മടങ്ങിയത്. 39 പന്തിൽ നിന്ന് ആറ് ഫോറും അഞ്ച് സിക്സറും അടങ്ങുന്നായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ടീം സ്കോർ 105ൽ നിൽക്കുമ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 47 റൺസ് എടുത്ത ശുഭ്മാൻ ഗില്ലാണ് മടങ്ങിയത്. ഫഹീം അഷ്റഫാണ് ഗില്ലിനെ മടക്കിയത്. പിന്നാലെയെത്തിയ നായകൻ സൂര്യകുമാർ യാദവ് റൺസൊന്നും നേടാനാകാതെ മടങ്ങി. പിന്നാലെ എത്തിയ സഞ്ജു 13 റൺസ് എടുത്ത് മടങ്ങി. ക്രീസിൽ നിലയുറപ്പിച്ച തിലക് വർമയും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. സാഹിബ്സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാക് ടീമിന് കരുത്തായത്. 58 റൺസാണ് താരം നേടിയത്. 45 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് ഫർഹാന്റെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി ശിവം ദൂബെ രണ്ട് വിക്കറ്റും കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.