കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് നാശം വിതച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു

അടിമാലി: കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് നാളുകളായി നാശം വിതച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു.കഴിഞ്ഞ കുറച്ച് നാളുകളായി കൊന്നത്തടി പഞ്ചായത്തിന്റെ വിവിധമേഖലകളില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കാട്ടുപന്നി ശല്യം പ്രതിരോധിക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നവശ്യം പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കെയാണ് കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ മിഷന്‍ വൈല്‍ഡ് പിഗിന്റെ ഭാഗമായി നടത്തിയ ഡ്രൈവിലൂടെ പ്രദേശത്ത് നാശം വരുത്തിയ കാട്ടുപന്നികളില്‍ ഒന്നിനെ വെടിവച്ച് കൊന്നത്.
ജനവാസ മേഖലയില്‍ ഇറങ്ങി അതിക്രമം കാണിക്കുന്ന കാട്ടുപന്നികളെ അംഗീകൃത ഷൂട്ടറുടെ സാന്നിധ്യത്തില്‍ വെടിവയ്ക്കാമെന്ന 2022ലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പിന്തുടര്‍ന്നാണ് നടപടി. ഏകദേശം രണ്ടു വയസ് തോന്നിക്കുന്ന പെണ്‍ പന്നിയെയാണ് വെടിവെച്ചുകൊന്നത്. പഞ്ചായത്തിലെ അംഗീകൃത ഷൂട്ടര്‍ ജിജോ കുളങ്ങരയുടെ സാന്നിധ്യത്തിലായിരുന്നു നടപടി. കൊന്നത്തടി പഞ്ചായത്തിന്റെ പന്ത്രണ്ടാം വാര്‍ഡിലെ കാര്‍ഷിക മേഖലയില്‍ വിളനാശം വരുത്തി വന്നിരുന്ന കാട്ടുപന്നികളില്‍ ഒന്നിനെയാണ് വെടിവെച്ചത്.
പന്നിയുടെ മൃതദേഹം പിന്നീട് സംസ്‌ക്കരിച്ചു. വെടി കൊണ്ട പന്നി ഏതാനും മീറ്റര്‍ ദൂരം കുതിച്ചോടുകയും സമീപത്തെ കിണറ്റില്‍ വീഴുകയും ചെയ്തു.കിണറ്റില്‍ നിന്നുയര്‍ത്തിയാണ് പന്നിയുടെ മൃതദേഹം സംസ്‌ക്കരിച്ചത്. വനംവകുപ്പ് ഈ മാസം 16 മുതല്‍ ഒക്ടോബര്‍ 30 വരെ നടത്തുന്ന മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ ത്രീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കൊന്നത്തടി പഞ്ചായത്തില്‍ നിന്നും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ മുഖേന കാട്ടുപന്നി ശല്യത്തിനെതിരായി പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ നടപടി.