
അടിമാലി: മുറ്റത്ത് മാത്രമല്ല മട്ടുപ്പാവിലും ചെടികള്‍ നട്ട് പൂക്കാലത്തെ വരവേറ്റിരിക്കുകയാണ് പാറത്തോട് സ്വദേശികളായ ദമ്പതിമാര്‍. പാറത്തോട് ടൗണിനോട് ചേര്‍ന്ന് താമസിക്കുന്ന കിഴക്കേഭാഗത്ത് ജോണി മേഴ്‌സി ദമ്പതിമാരാണ് മട്ടുപ്പാവില്‍ ചെണ്ടുമല്ലികള്‍ കൊണ്ട് പൂക്കാലം വിരിയിച്ചിട്ടുള്ളത്. ചെണ്ടുമല്ലികള്‍ മാത്രമല്ല വേറെയും പൂക്കള്‍ ഇവരുടെ മട്ടുപ്പാവിനെ മനോഹരമാക്കുന്നുണ്ട്.
നാലുമാസം മുമ്പാണ് മട്ടുപ്പാവില്‍ ചെണ്ടുമല്ലി ചെടികള്‍ നട്ടത്. ഓണക്കാലത്ത് വസന്തം വിരുന്നെത്തുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ കാത്തിരിപ്പ് ഒരല്‍പ്പം നീണ്ടു. ഓണം കഴിഞ്ഞപ്പോഴേക്കും ചെണ്ടുമല്ലികളില്‍ പൂവിരിഞ്ഞു. മട്ടുപ്പാവില്‍ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ പൂവിട്ടതോടെ ആ കാഴ്ച്ച വളരെ മനോഹരമായി മാറി കഴിഞ്ഞു. പാറത്തോട് ടൗണിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മട്ടുപ്പാവിലെ വസന്തം കൗതുകം സമ്മാനിക്കുന്നുണ്ട്.
പ്രത്യേക തരം ചട്ടികളിലാണ് ചെണ്ടുമല്ലി തൈകള്‍ നട്ടത്. യഥാസമയം വളപ്രയോഗം നടത്തി. നഴ്‌സറിയില്‍ നിന്നാണ് ചെണ്ടുമല്ലി ചെടികള്‍ എത്തിച്ചത്. മട്ടുപ്പാവില്‍ പൂക്കള്‍ മാത്രമല്ല പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്ന ദമ്പതികള്‍ കൂടിയാണ് ജോണിയും മേഴ്‌സിയും.