
കുഞ്ചിത്തണ്ണി(ഇടുക്കി): നാട്ടുകാരുടെ പരാതികള്‍ക്ക് പുല്ലുവില കല്പിച്ചു കൊണ്ട് വൈദ്യുതി ബോര്‍ഡിന്റെ ടവര്‍ റോഡിന് മധ്യത്തില്‍ തന്നെ നിലനില്ക്കാന് തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിടുന്നു. ഇത് ഈ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. ഉടുമ്പന്‍ചോല-രണ്ടാംമൈല്‍ റോഡില്‍ പള്ളിവാസല്‍ പവര്‍ഹൗസിന് സമീപമുള്ള മുസ്ലിം പള്ളിയിലേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള വൈദ്യുതിടവര്‍ നീക്കംചെയ്തിട്ട് റോഡ് ടാറിങ് നടത്തണമെന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, വൈദ്യുതിടവര്‍ റോഡ് മധ്യത്തില്‍തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് ഈ ഭാഗത്ത് ടാറിങ് നടത്തിയത്. പവര്‍ഹൗസ് ടൗണില്‍നിന്ന് ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങള്‍ റോഡിന് മധ്യത്തിലുള്ള വൈദ്യുതി ടവറില്‍ ഇടിച്ച് അപകടം ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ അന്നേ പറഞ്ഞിരുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ ഏതാനും അപകടങ്ങള്‍ ഇവിടെ സംഭവിക്കുകയും ചെയ്തു.
നല്ല വീതിയിലുള്ള പുതിയറോഡ് ആയതിനാല്‍ വാഹനങ്ങള്‍ നല്ല വേഗതയിലാണ് ഈ റോഡിലൂടെവരുന്നത്. വൈദ്യുതി ടവറും വൈദ്യുതിത്തൂണുകളും മാറ്റുന്നതിനുള്ള അപേക്ഷയും പണവും വൈദ്യുതിബോര്‍ഡില്‍ അടച്ചിട്ടും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ ടവര്‍ മാറ്റാതിരുന്നതാണ് ഇങ്ങനെ ടാറിങ് നടത്തുന്നതിന് കാരണമായെതെന്നാണ് റോഡ് കരാറുകാര്‍ പറയുന്നത്.
എന്നാല്‍, ടവര്‍ നീക്കംചെയ്ത് മാറ്റി സ്ഥാപിക്കുന്നതിനുള്ള പണമടച്ചിട്ടില്ലെന്നാണ് വൈദ്യുതിവകുപ്പ് അധികൃതര്‍ പറയുന്നത്. എന്തായാലും റോഡിനുമധ്യത്തില്‍ വന്‍ അപകടത്തിന് കാരണമാകുന്ന രീതിയില്‍ നില്ക്കുന്ന വൈദ്യുതിടവര്‍ റോഡില്‍നിന്ന് നീക്കംചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം



