കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

അടിമാലി: വിവിധയാവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 30 ന് നടത്തുന്ന നിയമ സഭ മാര്‍ച്ചിന് മുന്നോടിയായി കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അടിമാലിയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പെന്‍ഷന്‍ പരിഷ്‌ക്കരണം നടപ്പിലാക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഈ മാസം 30 ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
ഇതിന് മുന്നോടിയായിട്ടായിരുന്നു കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. അടിമാലി വൈസ് മെന്‍ ഹാളിലായിരുന്നു പരിപാടി നടന്നത്. അഡ്വ.എ രാജ എം എല്‍ എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ സി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പെന്‍ഷന്‍ ബോര്‍ഡ് മെമ്പര്‍ റ്റി പി മല്‍ക്ക മുഖ്യപ്രഭാഷണം നടത്തി.ഇ കെ ചന്ദ്രന്‍, ബേസില്‍, എം പി വര്‍ഗ്ഗീസ്, സി വി രാജന്‍, സി കെ ശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണ പെന്‍ഷന്‍കാര്‍ക്ക് 10 % ക്ഷാമാശ്വാസം അനുവദിക്കുക, 15% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന നിയമസഭ മാര്‍ച്ചിലൂടെ മുമ്പോട്ട് വയ്ക്കുന്നു. കണ്‍വന്‍ഷന് മുന്നോടിയായി സംഘടനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നു.