
മൂന്നാര്‍: മൂന്നാറില്‍ ജനവാസമേഖലയില്‍ കാട്ടുകൊമ്പന് പടയപ്പയുടെ പരാക്രമം. ഇന്നലെ രാത്രിയിലായിരുന്നു കാട്ടുകൊമ്പന് പടയപ്പ ജനവാസമേഖലയില്‍ ഇറങ്ങി പരാക്രമം നടത്തിയത്. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ രാജമല അഞ്ചാംമൈലിലായിരുന്നു പടയപ്പയുടെ ആക്രമണം ഉണ്ടായത്. റോഡില്‍ ഇറങ്ങിയ കാട്ടാന വഴിയോര കടകള്‍ തകര്‍ത്തു.
ഒരു ഓട്ടോറിക്ഷക്കും ആന കേടുപാടുകള്‍ വരുത്തി. മാടസ്വാമിയെന്നയാളുടെ ഓട്ടോറിക്ഷക്ക് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പിന്നീട് ആര് ആര് റ്റി സംഘമെത്തി കാട്ടാനയെ ജനവാസമേഖലയില്‍ നിന്നും തുരത്തി. ഇടക്കിടെ കാട്ടു കൊമ്പന് പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി പരാക്രമം നടത്തുന്നത് ആളുകളില്‍ ആശങ്കയായി മാറിയിട്ടുണ്ട്.
മുമ്പ് മഴക്കാലങ്ങളില്‍ കാര്യമായ രീതിയില്‍ പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി നാശം വരുത്തുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. എന്നാല്‍ ആനയുടെ ഈ സ്വഭാവത്തിനിപ്പോള് മാറ്റം വന്ന് കഴിഞ്ഞു. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ ആര് ആര് റ്റി സംഘമെത്തി തുരത്തുന്നുവെങ്കിലും കാട്ടുകൊമ്പന് ഉള്‍വനത്തിലേക്ക് പിന്‍വാങ്ങാന്‍ തയ്യാറാകാത്തത് പ്രതിസന്ധിയാകുന്നുണ്ട്. വേനല്‍ കനക്കുമ്പോള്‍ ആനയുടെ ശല്യം ഇനിയും വര്‍ധിക്കുമോയെന്നും ആശങ്കയുണ്ട്.