KeralaLatest NewsLocal news

ഇടുക്കിയുടെ വികസന സാധ്യതകള്‍ക്ക് തിളക്കമേകാന്‍ മൂലമറ്റം പവര്‍ഹൗസ് മിനിയേച്ചര്‍ മാതൃക ടൂറിസം പദ്ധതി, ഇടുക്കി ഡാം ലേസര്‍ ഷോ പ്രോജക്ട്

മൂലമറ്റം പവര്‍ഹൗസ് മിനിയേച്ചര്‍ മാതൃക ടൂറിസം പദ്ധതി, ഇടുക്കി ഡാം ലേസര്‍ ഷോ പ്രോജക്ട് തുടങ്ങി കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം പദ്ധതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് മിനിയേച്ചര്‍ മാതൃക നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് പവര്‍ഹൗസിന്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുന്ന പദ്ധതി നടപ്പാക്കുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്താണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. മിനിയേച്ചര്‍ സ്ഥാപിക്കുന്നതിന് മൂലമറ്റത്ത് രണ്ട് സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഇതിന്റെ രേഖകള്‍ പരിശോധിച്ച് പദ്ധതി തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിർദേശിച്ചു.

മൂലമറ്റം ഫയര്‍സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി നാലു കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. വിദഗ്ധ സംഘം ഈ സ്ഥലം പരിശോധിച്ചു. മൂലമറ്റത്ത് സബ് രജിസ്ട്രാര്‍ ഓഫീസും സബ് ട്രഷറി ഓഫീസും സ്ഥാപിക്കാന്‍ പണം അനുവദിച്ചുവെങ്കിലും സ്ഥലം ലഭ്യമായിരുന്നില്ല. കെ. എസ്. ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം കെ. എസ്. ഇ. ബി ഉടമസ്ഥതയിലുള്ള സ്ഥലം ഇതിനായി കണ്ടെത്തിയതും സംഘം സന്ദര്‍ശിച്ചു. ആധുനിക രീതിയില്‍ മൂലമറ്റത്ത് നിര്‍മ്മിക്കുന്ന  പൊതു ശ്മശാനത്തിനും സ്ഥലം  കണ്ടെത്തിയിട്ടുണ്ട്.

നാടുകാണിയില്‍ ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് കെ. എസ്. ഇ.ബി ഹൈഡല്‍ ടൂറിസം വിഭാഗത്തെ ചുമതലപ്പെടുത്തി. കുളമാവ് ഡാമിന് സമീപത്തുള്ള സ്ഥലം ടോയ്‌ലറ്റ് കോംപ്ലക്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നടപ്പാക്കി

യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുന്നതിന് വേണ്ട നടപടികളെടുക്കും. ഈ ഭാഗത്തെ റോഡ് വീതി കൂട്ടി അപകടകരമായ വളവ് ഒഴിവാക്കും. ഇതിനായി വനം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. 

ഇടുക്കി, ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനത്തിന് കൂടുതല്‍ ടൂറിസ്റ്റുകള്‍ക്ക് അവസരം നല്‍കും. ഇതിനായി അധികമായി സ്റ്റാഫിനെ നിയോഗിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഹൈഡല്‍ ടൂറിസം വിഭാഗം സ്വീകരിക്കും. കുളമാവ് വടക്കേപ്പുഴയില്‍ കുട്ടവഞ്ചി സഫാരി പ്രോജക്ട് കമ്മീഷന്‍ ചെയ്യുന്നതിന് കെ. എസ്. ഇ. ബി ഡാം സേഫ്റ്റി വിഭാഗം അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഹൈഡല്‍ ടൂറിസം വിഭാഗത്തിന് നിര്‍ദേശം നല്‍കി. 

ഇടുക്കി ഡാം ലേസര്‍ ഷോ പ്രോജക്ട് നടപ്പാക്കാമെന്ന് ഐ. ഐ.ടി ചെന്നൈയുടെ സ്ട്രക്ചറല്‍ എഞ്ചിനീയറിങ് വിഭാഗം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെ. എസ്. ഇ.ബി ഡാം സേഫ്റ്റി വിഭാഗം പദ്ധതിയ്ക്ക് എന്‍.ഒ.സി നല്‍കിയിട്ടുണ്ട്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

ഇടുക്കിയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്നതാണ് ഈ പദ്ധതികളെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയമായി നേരത്തെ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചകളുടെ ഭാഗമായിട്ടായിരുന്നു വിദഗ്ധ സംഘം സന്ദര്‍ശനം നടത്തിയത്. ഭാവി കാര്യങ്ങള്‍ വൈദ്യുതി മന്ത്രിയുമായി കൂടിയാലോചിച്ച് അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.

കെ. എസ്. ഇ.ബി (ജനറേഷന്‍) ഡയറക്ടര്‍ സജീവ്. ജി, ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ വിനോദ്. വി, ചീഫ് എഞ്ചിനീയര്‍ (ജനറേഷന്‍) ബിജു രാജന്‍ ജോണ്‍, ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സൈന. എസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മൂലമറ്റം കെ. എസ്. ഇ.ബി സര്‍ക്യൂട്ട് ഹൗസില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് വിനോദ്, കെ. എസ്. ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ജനറേഷന്‍) പാര്‍വതി. എം, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ജനറേഷന്‍) ജുമൈല ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!