
മൂന്നാര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിലൊന്നായി മാറുകയാണ് പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറും പരിസരപ്രദേശങ്ങളും. വിനോദ സഞ്ചാരികള്‍ക്കും കാല്‍നട വാഹന യാത്രികര്‍ക്കും നേരെ നിരവധി തവണ ഇതിനോടകം തെരുനായയുടെ ആക്രമണുണ്ടായി. കഴിഞ്ഞ ദിവസം യുവതിയും കൈക്കുഞ്ഞും സ്കൂള്‍ വിദ്യാര്‍ത്ഥിയും തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
മൂന്നാര്‍ നല്ലതണ്ണി ഐ റ്റി ഡി ഭാഗത്താണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. ഐ റ്റി ഡിയില്‍ നിന്നും സ്കൂളിലേക്ക് പോകുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ നേരെ തെരുവ് നായ പാഞ്ഞടുത്തു. സമീപത്തുണ്ടായിരുന്ന വീട്ടിലേക്ക് ഓടികയറിയാണ് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത്. ഇതേ സ്ഥലത്ത് മൂന്നാറിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന യുവതി്ക്കും ആറുമാസം പ്രായമായ കുഞ്ഞിനും നേരെ നായയുടെ ആക്രമണം ഉണ്ടായി. യുവതി ബഹളം വച്ചതോടെ നാട്ടുകാര്‍ എത്തി നായ്ക്കളെ തുരത്തി.
തെരുവ് നായ്ക്കളുടെ ശല്യം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണിയിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് ഇപ്പോള്‍ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തോട്ടം തൊഴിലാളികള്‍ക്കും മറ്റും ഈ പ്രദേശങ്ങളില്‍ ജോലി ചെയ്യാനോ വിദ്യാര്‍ത്ഥികള്‍ക്കടക്കം കാല്‍നടയായി കടന്ന് പോകാനോ കഴിയാത്ത സാഹചര്യമാണ്. മൂന്നാര്‍ മേഖലയില്‍ വര്‍ധിച്ച് വരുന്ന തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.