മന്ത്രിയുടെ വാഗ്ദാനം പാഴായി ; ദുരിതമൊഴിയാതെ ഇടുക്കി ഗവണ്മെന്റ് നഴ്സിംഗ് കോളജ് വിദ്യാർഥികൾ

എല്ലാം ശരിയാക്കാമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാഗ്ദാനം പാഴായതോടെ കടുത്ത ദുരിതത്തിലാണ് ഇടുക്കി ഗവണ്മെന്റ് നഴ്സിംഗ് കോളജ് വിദ്യാർഥികൾ. 120 വിദ്യാർഥികൾ പഠിക്കുന്ന കോളജിന് സ്വന്തമായി കെട്ടിടമില്ല. ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ സമീപത്തെ സ്കൂളിലാണ് വിദ്യാർഥികൾ താമസിക്കുന്നത്. ഈ വർഷം പുതിയ ബാച്ച് കൂടിയെത്തുമ്പോൾ എന്ത് ചെയ്യുമെന്ന ചോദ്യത്തിനും കോളജ് അധികൃതർക്ക് ഉത്തരമില്ല.
രണ്ട് വർഷം മുമ്പാണ് ഇടുക്കി മെഡിക്കൽ കോളജിനോട് ചേർന്ന് നഴ്സിംഗ് കോളജ് തുടങ്ങിയത്. താൽക്കാലിക കെട്ടിടത്തിൽ ക്ലാസ്സ് മുറികൾ ഒരുക്കി നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പേരിന് പോലുമില്ലാ. ചെറുതോണി ഡാമിന് സമീപമുള്ള വിദ്യാധിരാജ സ്കൂളിലെ ക്ലാസ് മുറികൾ ഹോസ്റ്റലാക്കി മാറ്റി.
94 വിദ്യാർഥിനികളാണ് ഇവിടെ തിങ്ങി ഞെരുങ്ങി കഴിയുന്നത്. ആൺകുട്ടികൾക്ക് ഇതുവരെ ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടില്ല. കഴിഞ്ഞവർഷം വലിയ പ്രതിഷേധമുണ്ടായതോടെ പൈനാവിലെ മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടം വിദ്യാർഥിനികൾക്ക് വിട്ടു നൽകമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകിയെങ്കിലും നാളിതുവരെ പാലിച്ചിട്ടില്ല.
പുതിയ ബാച്ചിൽ 60 വിദ്യാർഥികൾക്കൂടിയത്തുമ്പോൾ സ്ഥിതി ഇതിലും മോശമാകും. മൂന്നാം വർഷ വിദ്യാർഥികൾക്ക് ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പ് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.