ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ: വിവിധയിടങ്ങളിൽ വെള്ളം കയറി: വാഹനങ്ങൾ ഒലിച്ചുപോയി

ഇടുക്കിയിൽ രാത്രി മുഴുവൻ ശക്തമായ മഴയായിരുന്നു. തൊടുപുഴ,ഇടുക്കി, നെടുംങ്കണ്ടം, കുമളി മേഖലയിൽ ശക്തമായ മഴ തുടരുന്നു.

നിരവധി വീടുകളിൽ വെള്ളം കയറി. കൂട്ടാർ, തേർഡ്ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകളിൽ വലിയ രീതിയിൽ ആണ് വെള്ളം കയറിയത്.
കുമളിയിൽ വെള്ളം കയറിയതിനെത്തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു.
തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്കും മാറ്റി.

അതേസമയം, ഇടുക്കി കല്ലാർ ഡാം തുറന്നു. നെടുങ്കണ്ടത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. നെടുങ്കണ്ടം കൂട്ടർ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ എസ്ബിഐ ബാങ്കിന് സമീപം സൈഡിൽ നിർത്തി ഇട്ടിരുന്ന ട്രാവലർ, കാർ ഉൾപ്പെടെ ഉള്ള വാഹനങ്ങൾ ആണ് വെള്ളത്തിൽ ഒലിച്ചുപോയത്.

കൂടാതെ കുമളി- മുരിക്കടി – വെള്ളാരംകുന്ന് റോഡിലും അണക്കര- പുറ്റടി റോഡ്, കട്ടപ്പന കുമളി റോഡിൽ മരം വീണും റോഡ് ബ്ലോക്ക് ആയി. കുമളി – കമ്പം റോഡിലും ഗതാഗതം തടസ്സപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. ഒൻപതു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയും ലഭിക്കും. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു . കേരള കർണാടക തീരത്തിനടുത്ത് അറബിക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപമെടുത്തേക്കും. ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.