KeralaLatest News

ഗതാഗത മന്ത്രിയുടെ നിർദേശം പാലിച്ചു; ‘എയർഹോണുകൾ റോഡ്റോളർ കയറ്റി തവിടുപൊടിയാക്കി’

കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത എയർഹോണുകൾ ഫൈൻ ഈടാക്കിയതിന് പുറമെ റോഡ്റോളർ കയറ്റി നശിപ്പിച്ച് എംവിഡി. വാഹനങ്ങളിലെ എയർഹോണുകൾ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചുതന്നെ നശിപ്പിക്കുമെന്നും അത് മാധ്യമങ്ങൾ വാർത്തയായി നൽകണമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയിൽ രണ്ടാംഘട്ട നടപടിയായി എയർഹോണുകൾ നശിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത എയർഹോണുകളാണ് കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ച് നശിപ്പിച്ചത്.

സംസ്ഥാനത്ത് കുറച്ചധികം ദിവസമായി എയർഹോണുകൾ പിടിച്ചെടുക്കാൻ എം വി ഡിയുടെ നേത്യത്വത്തിൽ വലിയ യജ്ഞം നടന്നിരുന്നു. 500 ഓളം എയർഹോണുകൾ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് എയർഹോണുകൾ കൂടുതലായി കാണപ്പെടുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊച്ചിയിലെ മറ്റിടങ്ങളിലും പരിശോധന തുടരുകയാണ്.പിടിച്ചെടുക്കുന്നതും, നശിപ്പിക്കുന്നതും മോട്ടോർ വാഹന വകുപ്പും ക്യാമറയിൽ പകർത്തും. നിയമനടപടികൾക്ക് കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കാനാണ് എം വി ഡി ക്യാമറയിൽ പകർത്തുന്നത്.

അതേസമയം, ഒരു ബോധവൽക്കരണം കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒന്നരാഴ്ചകൾക്ക് മുൻപ് ഗതാഗതമന്ത്രിയ്ക്ക് തന്നെ പൊതുനിരത്തിൽ നിന്നുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് അതിവേഗ നടപടിയിലേക്ക് എംവിഡി എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!