‘ ശബരിമല ഐതീഹ്യത്തില്‍ അയ്യപ്പനൊപ്പം വാവര്‍ക്കും സ്ഥാനമുണ്ട്; സംഘപരിവാര്‍ ഇത് അംഗീകരിക്കുന്നില്ല’; മുഖ്യമന്ത്രി

ആര്‍എസ്എസിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെയും ലോകത്തിന്റെയും പലഭാഗങ്ങളിലുള്ളവര്‍ എത്തിച്ചേരുന്ന കേരളത്തിന്റെ ഒരു ആരാധനാലയമാണ് ശബരിമല. ആ ശബരിമല, വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ തുടങ്ങിയല്ലോ. എന്താണതിന്റെ ഉദ്ദേശം. അതുമായി ബന്ധപ്പെട്ട ഐതീഹ്യത്തില്‍ അയ്യപ്പനോടൊപ്പം വാവരുമുണ്ട്. വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് സംഘപരിവാറിന് യോജിക്കാനാകുന്നില്ല. അതിന്റെ ഭാഗമായി വാവര്‍ വാവരല്ല എന്നും മറ്റൊരു പേരുകാരനാണെന്നും ഏതെല്ലാം തരത്തില്‍ സമൂഹത്തിന് കൊള്ളാത്തവനായി ചിത്രീകരിക്കാമോ ആ തരത്തിലെല്ലാം ശ്രമങ്ങള്‍ നടക്കുന്നു. ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുമോ. ശബരിമലയെ അംഗീകരിക്കുന്ന അയ്യപ്പനെ ആരാധിക്കുന്ന ആളുകള്‍ക്ക് തന്നെ അംഗീകരിക്കാനാകുന്നുണ്ടോ. സംഘപരിവാറിന് മേധാവിത്വം കിട്ടിയാല്‍ നഷ്ടപ്പെടുക ശബരിമലയുടെ സ്വഭാവമടക്കമാണ് – അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആക്രമിക്കപ്പെട്ടത് സിപിഐഎമ്മുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്, ആര്‍എസ്എസ്, ലീഗ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിടുന്നത്. കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനാണ് അവരുടെ നീക്കം എന്നും എന്നാല്‍ അത് നടപ്പാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ അത് ഉണ്ടാകാന്‍ പാടില്ല. ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തില്‍, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.